ശബരിമല: സന്നിധാനത്ത് കഴിഞ്ഞവര്‍ഷം ഉദ്ഘാടനം ചെയ്ത മാലിന്യ സംസ്കരണപ്ലാന്റ് പൂര്‍ണതോതില്‍ സജ്ജമാകാത്ത സാഹചര്യത്തില്‍ കരാറെടുത്ത കമ്പനിക്ക് ബാക്കി മുഴുവന്‍ തുകയും നല്‍കണമെന്ന നിര്‍ദ്ദേശത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി. കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാനും ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
മാലിന്യ സംസ്കരണപ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കമ്പനിക്ക് ബാക്കിതുകയായ 1.98 കോടി രൂപ ഉടന്‍ നല്‍കണമെന്ന് ചെയര്മാന് ആവശ്യപ്പെട്ടു. എന്നാല്‍, പ്ലാന്റ് ഇതുവരെയും പൂര്ണസജ്ജമാകാത്ത സാഹചര്യത്തില്‍ തുക അനുവദിക്കാനാകില്ലെന്നും സാങ്കേതികകമ്മിറ്റി പ്ലാന്റ് പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടി കൈക്കൊള്ളാനാകുമെന്നും ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. ഓഡിറ്റ് ഒബ്ജക്ഷന് അടക്കമുള്ള നടപടി വന്നാല്‍ പരിണിതഫലം താനും തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് അനുഭവിക്കേണ്ടി വരികയെന്ന് പറഞ്ഞതോടെ യോഗം ബഹളമയമായി. മറ്റു കാര്യങ്ങള്‍ അറിയേണ്ടന്നും വേണ്ടിവന്നാല്‍ തന്റെ അധികാരം ഉപയോഗിച്ച് പണം അനുവദിക്കുമെന്നും പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥന് ഉച്ചഭക്ഷണം പോലും കഴിക്കാതെ യോഗത്തില്‍ വിട്ടുനില്‍ക്കുകയായിരുന്നു.
പ്ലാന്റിലെ സംസ്കരിച്ച വെള്ളം അണുവിമുക്തമാക്കി പമ്പയിലേക്ക് ഒഴുക്കാനുള്ള സംവിധാനം ഇതുവരെ സജ്ജമായിട്ടില്ല. പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ക്ലോറിന്‍ കടത്തിവിട്ടാണ് ജലശുദ്ധീകരണം നടത്തുന്നത്. പ്ലാന്റിലെ പ്രവര്‍ത്തനവൈകല്യം കാരണം വൈകുന്നേരങ്ങളില്‍ ശ്രീകോവിലിനും പരിസരങ്ങളിലും ദുര്‍ഗന്ധപൂരിതമായ കാറ്റാണ് വീശുന്നത്. ഇതിനെതിരെ തീര്‍ഥാടകര്‍ക്കിടയിലും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: