ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തില്‍ ബാങ്കുകളിലും പരിശോധന. പത്തു ബാങ്കുകളുടെ അമ്പതിലേറെ ബ്രാഞ്ചുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇത് രാജ്യവ്യാപകമാക്കും. നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള നിക്ഷേപങ്ങള്‍ പരിശോധിച്ചു വരികയാണ്. ദല്‍ഹി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വന്‍ നിക്ഷേപം സ്വീകരിച്ച ബാങ്കുകളിലായിരുന്നു ആദ്യ പരിശോധന.
ബാങ്ക് ജീവനക്കാരെ ഇടനിലക്കാരാക്കി കള്ളപ്പണം വെളുപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഹവാല ഇടപാടുകള്‍ തടയുന്നതിന് കഴിഞ്ഞ മാസം 30ന് രാജ്യത്തെ നാല്‍പ്പതിലേറെ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. അനധികൃതമായി പഴയ നോട്ടുകള്‍ മാറ്റിനല്‍കി കള്ളപ്പണക്കാരെ സഹായിച്ചതിന് രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ആക്സിസ് ബാങ്കിന്റെ കശ്മീരി ഗേറ്റ് ശാഖയിലെ മാനേജര്‍മാരായ ഷോബിത് സിന്‍ഹ, വിനീത് സിന്‍ഹ എന്നിവരാണ് അറസ്റ്റിലായത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ തല്ക്കാലം മാറ്റം വരുത്തിയിട്ടില്ല. 500, 1000 രൂപാ നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ വായ്പാ നയ പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനൊപ്പം ഡയറക്ടര്‍മാരും പങ്കെടുത്തു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 6.25% ആയി തുടരും.
നോട്ടുകള്‍ അസാധുവാക്കലിന് ശേഷം രാജ്യത്തെ ബാങ്കുകളിലേക്ക് ഏകദേശം പതിനൊന്നര ലക്ഷം കോടി രൂപ എത്തിയിരുന്നു. ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 7.3% ആയിരുന്നു രാജ്യത്തെ വളര്‍ച്ചാനിരക്ക്. ലോകത്തെ ഏറ്റവും വേഗതയേറിയ വളര്‍ച്ചാനിരക്കായിരുന്നു ഇത്.
നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി ഉയര്‍ത്തിയ കരുതല്‍ ധനാനുപാതം ഉടനെ പിന്‍വലിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. 2017ല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു. 7.6 ശതമാനം പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായി കുറയാനാണ് സാധ്യതയെന്ന് ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്താന്‍ 50 ദിവസത്തെ സാവകാശമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ട് മരവിപ്പിച്ചിട്ട് ഇന്നേക്ക് 30 ദിവസമേ ആയുള്ളൂ. ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള പ്രയാസം ഏതാണ്ട് ദൂരീകരിക്കപ്പെട്ടു. ഓരാഴ്ചയില്‍ 24,000 രൂപവരെ ഇപ്പോള്‍ പിന്‍വലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: