ബംഗളൂരു: ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള, ഇന്‍ഫോസിസ് പ്രൈസ് 2016 ന് വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച ആറ് പേര് അര്‍ഹരായി.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ (ഐഐഎസ്സി) കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസര്‍ വി. കുമാരന് ആണ് എഞ്ചിനീയറിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ജേതാവ്. കോംപ്ലക്സ് ഫ്ളൂയിഡ്സ്, കോംപ്ലക്സ് ഫ്ളോസ് എന്നിവയെപ്പറ്റി നടത്തിയ പഠനമാണ് പ്രൊഫ. കുമാരന് ഇന്‍ഫോസിസ് പ്രൈസ് നേടിക്കൊടുത്തത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറും സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് മെഹ്റ ഫാമിലി പ്രൊഫസറുമായ പ്രൊഫ. സുനില്‍ അമൃത് ആണ് ഹ്യുമാനിറ്റിസ് വിഭാഗത്തിലെ അവാര്‍ഡ് ജേതാവ്. ഹിസ്റ്ററി ഓഫ് മൈഗ്രേഷന്‍, പാരിസ്ഥിതിക ചരിത്രം, അന്താരാഷ്ട്ര പൊതു ആരോഗ്യ ചരിത്രം എന്നീ മേഖലകളിലെ സംഭാവനകളാണ് പ്രൊഫ. സുനിലിനെ അവാര്‍ഡ് ജേതാവാക്കിയത്.
ഫരീദാബാദ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഗഗന് ദീപ് കാങിനാണ് ലൈഫ് സയന്‍സിനുള്ള അവാര്‍ഡ്. റോട്ടാവൈറസ്, മറ്റ് പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനുള്ള സൃഷ്ടിപരമായ സംഭാവനകളാണ് അവര്‍ക്ക് ഇന്‍ഫോസിസ് പ്രൈസ് നേടിക്കൊടുത്തത്. അവരുടെ കണ്ടെത്തലുകളാണ് ഇത്തരം പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിന് വികസിപ്പിച്ചെടുക്കാന്‍ പ്രേരകമായത്.
മാത്തമാറ്റിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗത്തിലെ പ്രൊഫസര്‍ അക്ഷയ് വെങ്കിടേഷിനാണ്. മോഡേണ്‍ നമ്പര്‍ തിയറിക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പ്രൊഫ. വെങ്കിടേഷിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. ഫിസിക്കല്‍ സയന്‍സിനുള്ള അവാര്‍ഡ് നേടിയത് ഡോ. അനില്‍ വിക്രം ഭരദ്വാജ് ആണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറി ഡയറക്ടറാണ് ഡോ. അനില്‍.
സോഷ്യല്‍ സയന്‍സസില്‍ പ്രൈസ് നേടിയത് പ്രൊഫ. കല്യാണ്‍ മുന്‍ഷിയാണ്. ബ്രിട്ടനിലെ കേം ബ്രിഡ്ജ് സര്‍വകലാശാലയിലെ എക്കണോമിക് ഫാക്കല്‍റ്റിയുടെ ഫ്രാങ്ക് റാംസേ എക്കണോമിക് പ്രൊഫസറാണ് കല്യാണ്‍ മുന്‍ഷി. സാമ്പത്തിക വികസനത്തില്‍ ഗ്രൂപ്പുകളും ജാതി വിഭാഗങ്ങളും ഉള്‍പ്പെട്ട സമൂഹത്തിന്റെ പങ്കിനെപ്പറ്റി പ്രൊഫ. മുന്‍ഷി നടത്തിയ ആഴത്തിലുള്ള വിശകലനങ്ങളാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്. ജനുവരി 7 ന് ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാനജേതാവും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. വെങ്കടരാമന് രാമകൃഷ്ണന് അവാര്‍ഡുകള്‍ സമ്മാനിക്കും. 65 ലക്ഷം രൂപയും 22 കാരറ്റ് സ്വര്‍ണ്ണ മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലേയും അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: