കൊച്ചി: സ്വകാര്യ മേഖലയിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് സമഗ്ര പരിശീലനം നല്കി അവരുടെ അന്തസും തൊഴില്‍ പരിചയവും ഉയര്‍ത്തണമെന്ന് കേന്ദ്രമന്ത്രി രാജീവ്പ്രതാപ് റൂഡി നിര്‍ദേശിച്ചു. ആഗോള വിപണിയിലെ മത്സരത്തേയും വെല്ലുവിളികളേയും നേരിടാന്‍ ഇത് അനിവാര്യമാണ്. സെക്യൂരിറ്റി സ്കില്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് വാര്‍ഷിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
യുവാക്കള്‍ക്കും സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും പ്രസ്തുത ജോലി ആകര്‍ഷകമായി മാറണം. അതിന് ഗുണമേന്മയുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകളുടെ പ്രതിമാസ വേതനം 8000-10000 രൂപയില്‍ നിന്ന് 15000 രൂപയായി ഉയര്‍ത്തുമെന്ന് സെക്യൂരിറ്റി സെക്ടര്‍ സ്കില്‍ ഡവലപ്മെന്റ് കൗണ്‍സില്‍ (എസ്എസ്എസ്ഡിസി) ചെയര്മാന് കണ്‍വാര്‍ വിക്രം സിംഗ് അറിയിച്ചു.
ഇന്ത്യയിലെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് നക്ഷത്ര ബാഡ്ജ് നല്‍കും. ഇത് ഏകീകൃത തിരിച്ചറിയല്‍ ഉപാധി കൂടിയാണ്. ആദ്യഘട്ടത്തില്‍ 20 ലക്ഷം പേര്‍ക്കാണ് സ്റ്റാര്‍ ബാഡ്ജ് ലഭ്യമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: