ശബരിമല: ആര്.ഒ. പ്ലാന്റുകള്‍ ജലഉപഭോഗം ഇരട്ടിയാക്കും. ശബരിമലയില്‍ ശുദ്ധജലമെത്തിക്കുന്നതിനായി സ്ഥാപിക്കുന്ന റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകളില്‍ (ആര്.ഒ പ്ലാന്റ്) നിറയ്ക്കുന്ന വെള്ളത്തിന്റെ പകുതി മാത്രമേ ശുദ്ധജലമായി ലഭിക്കൂ. ഒരു ലിറ്റര്‍ ശുദ്ധജലം ലഭിക്കണമെങ്കില്‍ രണ്ടുലിറ്റര്‍ വെള്ളം വേണ്ടിവരും.
ഒരുമണിക്കൂറില്‍ 5000 ലിറ്റര്‍ ശുദ്ധജലം ലഭിക്കുന്ന അഞ്ച് ആര്.ഒ പ്ലാന്റുകളാണ് പമ്പയിലും സന്നിധാനത്തുമായി സ്ഥാപിക്കുന്നത്.
സന്നിധാനത്തെ വാട്ടര്‍ അതോറിറ്റിയുടെ ഐബിയിലും ശരംകുത്തിയിലും തീര്‍ത്ഥാടനപാതയില്‍ ക്യൂ കോംപ്ലക്സ് നാലിന്റേയും അഞ്ചിന്റേയും ഇടയിലും വാട്ടര്‍ അതോറിറ്റിയുടെ പമ്പ ഐബിയിലും ത്രിവേണിയില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്റ്റോറിലുമാണ് 5000 ലിറ്ററിന്റെ ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. മണിക്കൂറില്‍ 2000 ലിറ്റര്‍ ശുദ്ധജലം ലഭിക്കുന്ന രണ്ട് ആര്.ഒ പ്ലാന്റുകളും സ്ഥാപിക്കുന്നുണ്ട്.
പമ്പാ കെഎസ്ആര്‍ടിസി സ്റ്റാന്റിലും ഹില്‍ടോപ്പിന് താഴെയുമാണ് ഇവ ഉള്ളത്. ആയിരം ലിറ്റര്‍ ശുദ്ധജലം ലഭിക്കുന്ന നാല് ആര്‍ഒ പ്ലാന്റുകളും സ്ഥാപിക്കുന്നുണ്ട്. സന്നിധാനത്തെ വാട്ടര്‍ അതോറിറ്റി ഐബി, അപ്പാച്ചിമേട് പമ്പ് ഹൗസ്, പമ്പയിലെ വാട്ടര്‍ അതോറിറ്റി ഐബി, ത്രിവേണിയിലെ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. ആര്‍ഒ പ്ലാന്റിലൂടെ ശുദ്ധീകരിക്കുന്ന വെള്ളം കുപ്പിവെള്ളത്തേക്കാള് ശുദ്ധമാണെന്ന് പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. പമ്പാമണല്‍പ്പുറത്ത് 40 ടാപ്പുകളടക്കം തീര്‍ത്ഥാടനപാതയിലും സന്നിധാനത്തുമായി 120 വാട്ടര്‍ കിയോസ്കുകളിലായി 240 ടാപ്പുകളിലാണ് ഇത്തരത്തില്‍ ശുദ്ധീകരിച്ച വെള്ളം ലഭിക്കുന്നത്.
ആര്‍ഒ പ്ലാന്റുകളില്‍ നിന്നു വാട്ടര്‍ കിയോസ്കുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പിടീല്‍ ഇനിയും പലയിടത്തും പൂര്‍ത്തിയാക്കാനുണ്ട്. ആര്‍ഒ പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്ണ്ണസജ്ജമാകണമെങ്കില് ഡിസംബര്‍ പകുതി കഴിയുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: