ആലപ്പുഴ: സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയും വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്കിയ കെ.ആര്. ഗൗരിയമ്മയെ ആലപ്പുഴയുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറുമായി സഹകരിച്ചതിന് പുറത്താക്കിയ സിപിഎം ഇപ്പോള്‍ തോമസ് ഐസക്കിന് മുന്നില്‍ മുട്ടുമടക്കിയെന്ന് വിമര്‍ശനം ഉയരുന്നു.
ശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ച് ‘ആലപ്പുഴ ജനകീയ പാഠശാല’ എന്ന ജനകീയ പഠനകേന്ദ്രത്തിന് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗമായ ധനമന്ത്രി തോമസ് ഐസക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. സിപിഎമ്മിലെ ഔദ്യോഗിക പക്ഷവുമായി പലപ്പോഴും നേരിട്ട് ഏറ്റുമുട്ടുന്ന ശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ച് പാര്‍ട്ടിക്ക് സമാന്തരമായി പഠനകേന്ദ്രം തുടങ്ങിയ തോമസ് ഐസക്കിന്റെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും പാര്‍ട്ടിയിലെ മാറിയ സമവാക്യങ്ങള്‍ ഐസക്കിന് തുണയാകുകയാണ്. കഴിഞ്ഞ ദിവസമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പാഠശാല തോമസ് ഐസക് ഉദ്ഘാടനം ചെയ്തത്. സമ്പത്ത്, സംസ്കാരം, സമൂഹം എന്ന വിഷയത്തില്‍ ഐസക്ക് ക്ലാസ് നയിക്കുകയും ചെയ്തു.
ആലപ്പുഴയുടെ വികസനത്തിനായി രാഷ്ട്രീയ ഭേദമില്ലാതെ രൂപീകരിച്ച സംഘടന നടത്തിയ സെമിനാറില്‍ പങ്കെടുത്തെന്ന കുറ്റം ചുമത്തിയാണ് 1993 ഡിസംബര്‍ 31 ന് പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് കെ.ആര്. ഗൗരിയമ്മയെ പുറത്താക്കിയത്. ഇഎംഎസുമായുള്ള അഭിപ്രായഭിന്നതയാണ് ഗൗരിയമ്മയെക്കെതിരെയുള്ള നടപടിക്ക് പ്രധാന കാരണമെങ്കിലും പുറത്ത് പറഞ്ഞത് സെമിനാര്‍ വിഷയമാണ്. അതേ പാര്‍ട്ടിയാണ് പാര്‍ട്ടി പഠനകേന്ദ്രങ്ങള്‍ക്ക് സമാന്തരമായി രൂപീകരിച്ച പഠന കേന്ദ്രത്തിന് നേതൃത്വം നല്കുന്ന കേന്ദ്രകമ്മറ്റിയംഗത്തെ സംരക്ഷിക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.
ഔദ്യോഗിക പക്ഷത്തെ കരുത്തനായ ജി. സുധാകരന് നയിക്കുന്ന ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വത്തിനും ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷം ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ അധികാര കേന്ദ്രമായിരുന്ന പിണറായി വിജയന് മുഖ്യമന്ത്രിയായതോടെ പാര്‍ട്ടിയിലെ ശാക്തിക ചേരികളിലുണ്ടായ മാറ്റമാണ് ഐസക്കിന് തുണയായത്. അടുത്തിടെയുണ്ടായ പല വിഷയങ്ങളിലും പാര്‍ട്ടിയും സര്‍ക്കാരുമായി കടുത്ത ഭിന്നതയിലാണ്. സിപിഎം നേതാക്കള്‍ പ്രതികളായ ഗുണ്ടാ ആക്രമണക്കേസുകളിലും, വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ പ്രതിയായ സ്ത്രീപീഡനക്കേസിലും പിണറായി വിജയന് തന്റെ ഇമേജ് വളര്‍ത്താന്‍ ശ്രമം നടത്തിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശിക്കുന്നത്.
കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സാക്കിര്‍ ഹുസ്സൈന്‍ കൊടും കുറ്റവാളിയാണെന്ന് ആഭ്യന്തര വകുപ്പ് കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനിയില്‍ ലേഖനം എഴുതിയതും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് പീഡനക്കേസിലെ പ്രതിയായ കൗണ്‍സിലറെ പരസ്യമായി ന്യായീകരിച്ചതും ഇതിന് പ്രത്യക്ഷ തെളിവുകളാണ്. തോമസ് ഐസക്കിനെ പാര്‍ട്ടിയില്‍ സംരക്ഷിക്കുന്നതും ഔദ്യോഗിക പക്ഷത്ത് ഇപ്പോഴുണ്ടായ കടുത്ത വിഭാഗീയതയാണ്.
ഗൗരിയമ്മയെക്കെതിരെ പാര്‍ട്ടിയില്‍ നീക്കം നടന്നപ്പോള്‍ ശക്തനായ ഇഎംഎസിനെതിരെ നിലപാട് സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. വി.എസ്. അച്യുതാനന്ദന് രഹസ്യമായി ഗൗരിയമ്മയ്ക്ക് പിന്തുണ നല്‍കിയെങ്കിലും പരസ്യമായി അക്കാലയളവില്‍ ഇഎംഎസിനെ എതിര്‍ക്കാന്‍ തയ്യാറായില്ല. എന്നാല്‍ വിഭാഗീയത വീണ്ടും ശക്തമായ സിപിഎമ്മില്‍ ആര് ആര്‍ക്കൊപ്പമാണെന്ന ആശയക്കുഴപ്പം നേതൃത്വത്തില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: