തൃശൂര്‍: അഴിമതിക്കേസില്‍ പ്രതിസ്ഥാനത്തുനില്ക്കുന്നയാള് കേരള സാഹിത്യ അക്കാദമി ഭരണസമിതി അംഗം.
കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും കവിയുമായ സി. രാവുണ്ണിയാണ് പാര്‍ട്ടി സ്വാധീനത്തില്‍ സാഹിത്യ അക്കാദമി ഭരണസമിതിയില്‍ അംഗത്വം നേടിയത്. മുന്‍ അക്കാദമി സെക്രട്ടറിയായിരിക്കെ അക്കാദമി വളപ്പില്‍ റോഡിനോട് ചേര്‍ന്ന് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി കൊടുക്കുക വഴി സ്വകാര്യ കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങിയതായാണ് രാവുണ്ണിക്കെതിരായ കേസ്.
അക്കാദമി ഭരണസമിതി അംഗീകാരമില്ലാതെയായിരുന്നു രാവുണ്ണി സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് കൊച്ചി സ്വദേശിയായ ഒരാള്‍ നല്കിയ പരാതി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടനായിരുന്നു രാവുണ്ണിയുടെ കരാര്‍. ഇടതുമുന്നണിക്ക് ഭരണം നഷ്ടമായതോടെ സെക്രട്ടറിസ്ഥാനം ഒഴിയേണ്ടിവരുമെന്ന് അറിഞ്ഞിട്ടും തിടുക്കത്തില്‍ കരാറുണ്ടാക്കി പണം തട്ടുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഇതിനുപുറമെ സംഗീത നാടക അക്കാദമി സെക്രട്ടറിയായിരിക്കെ സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്ന് കലാലയങ്ങളില്‍ വന്‍തുക ഫീസ് വാങ്ങി കലാപരിശീലനക്യാമ്പുകള് സംഘടിപ്പിച്ചതും കേസായിട്ടുണ്ട്.
ഒരു കടലാസ് സംഘടനയുടെ പേരിലായിരുന്നു ഈ ക്ലാസുകള്‍. ഇതിന് അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നായിരുന്നു പ്രചരണം. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും ഈയിനത്തില്‍ പിരിച്ചെടുത്തതായി ആരോപണമുയര്‍ന്നിരുന്നു.
ഇത്തരം ആക്ഷേപങ്ങള്‍ നേരിടുന്നൊരാളെ സാഹിത്യ അക്കാദമി പോലെ മഹത്തരമായ സ്ഥാപനത്തിന്റെ ഭരണസമിതി അംഗമാക്കിയത് ശരിയായില്ല എന്ന വിമര്‍ശനമാണ് ഉയരുന്നത്.
മലയാളത്തിലെ മികവുറ്റ എഴുത്തുകാരെ തഴഞ്ഞാണ് ഇത്തരം പാര്‍ട്ടി ഏജന്റുമാര്‍ക്ക് ഭരണസമിതി അംഗത്വം കൊടുക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: