ആലപ്പുഴ: പത്തൊന്‍പതാമത് സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിലെ നാടോടി നൃത്ത മത്സരം പുതുമ നിറഞ്ഞ രംഗാവിഷ്കാരത്തിലൂടെ ശ്രദ്ധേയമായി. പരമ്പരാഗത ശൈലികള്‍ക്ക് ഒട്ടും കോട്ടം തട്ടാതെയാണ് പുതുമയാര്‍ന്ന അവതരണം നടത്തി മത്സരാര്‍ത്ഥികള്‍ കാണികളുടെയും വിധികര്‍ത്താക്കളുടെയും മനംകവര്‍ന്നത്. ഗാനങ്ങള്‍ തെരഞ്ഞെടുത്ത കാര്യത്തിലും മത്സരാര്‍ത്ഥികള്‍ വൈവിദ്ധ്യമാര്‍ന്ന മാറ്റമാണ് കൊണ്ടുവന്നത്. കാക്കോത്തി കരിങ്കാളി സങ്കല്പങ്ങള് ഇത്തവണ വിരളമായിരുന്നു.
സാമൂഹിക പ്രസക്തിയുള്ള കഥകള്‍ പാട്ടുകളാക്കിയാണ് ഓരോ മത്സരാര്‍ത്ഥിയും മാറ്റുരച്ചത്. രാഷ്ട്ര പുരോഗതിയുടെ സന്ദേശമോതുന്ന സന്ദര്‍ഭങ്ങളും ബാലപീഡനവും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന കഥകളും കോര്‍ത്തിണക്കി ചില സ്കൂളുകല്‍ അരങ്ങു തകര്‍ത്തപ്പോള്‍ മറ്റു ചില സ്കൂളുകള്‍, വടക്കന്‍പാട്ടിലെ ചന്തു ചേകവരുടെ ചതി നിറഞ്ഞ കഥകളാണ് ഉള്‍പ്പെടുത്തിയത്. ദാരിക നിഗ്രഹത്തിന് പോകുന്ന ഭദ്രകാളിയുടെ കഥപറഞ്ഞ് നാടോടിനൃത്തവും പ്രക്ഷകരെ രസിപ്പിച്ചവയായിരുന്നു.
കാഞ്ഞിരപ്പള്ളി കാളകെട്ടി അസീസി സ്കൂള്‍ ഫോര്‍ ബ്ലൈന്‍ഡിലെ അഖില്‍ അവതരിപ്പിച്ച വടക്കന്‍പാട്ടിലെ ചന്തുവിന്റെ ചതിപ്രയോഗങ്ങള്‍ ചുവടുകളിലൂടെയും ഭാവപ്രകടത്തിലൂടെയും അവതരിപ്പിച്ചത് വേറിട്ട കാഴ്ചയായിരുന്നു. കോഴിക്കോട് കുളത്തറ ഹാന്‍ഡി കാപ്ഡ് സ്കൂളിലെ അതുല്യ അവതരിപ്പിച്ച വിഷമയമുള്ള പച്ചക്കറി ഉപയോഗത്തിലൂടെ നാം നേരിടുന്ന വന്ദുരത്തത്തെ അതിമനോഹരമായാണ് വേദിയില്‍ നിറഞ്ഞാടിയത്. ആകെ ഏഴ് സ്കൂളിലെ മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. ഒന്നിനൊന്ന് വ്യത്യസ്തതയും മികവുറ്റതുമായിരുന്നു നാടോടിനൃത്ത മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: