ന്യൂദല്‍ഹി: രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകള്‍ പൂര്‍വ്വസ്ഥിതിയിലെത്താന്‍ രണ്ടാഴ്ചയെടുക്കുമെന്ന് കേന്ദ്രധനമന്ത്രാലയം. പ്രതിദിനം 25,000 എടിഎമ്മുകള്‍ നിറച്ചുകൊണ്ടിരുന്നത് ഇപ്പോള്‍ 72,000 ആക്കി ഉയര്‍ത്തിയിട്ടുണ്ടെന്ന് ക്യാഷ് ലോജിസ്റ്റിക്സ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ഋതുരാജ് സിന്‍ഹ അറിയിച്ചു. 687 ജില്ലകളിലെ 2.2. ലക്ഷം എടിഎമ്മുകള്‍ സാധാരണ നിലയിലെത്താന്‍ സമയം ആവശ്യമാണെന്നും ഋതുരാജ് സിന്‍ഹ പറഞ്ഞു.
എടിഎമ്മുകളിലെ 14 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് മാറ്റേണ്ടത്. പുതിയ 500, 2000 നോട്ടുകള്‍ക്കായി എടിഎമ്മുകള്‍ പരിഷ്ക്കരിക്കേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ 100, 50 നോട്ടുകളാണ് എടിഎമ്മിലിടുന്നത്. എടിഎമ്മുകളിലുണ്ടായിരുന്ന പഴയ 500,1000 നോട്ടുകള്‍ 90 % എടിഎമ്മുകളില്‍നിന്നും പിന്‍വലിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ നിറയ്ക്കുന്ന പ്രക്രിയ വളരെ വേഗത്തിലാണ് നടക്കുന്നത്. എന്നാല്‍ 100,50 നോട്ടുകള്‍ നിറയ്ക്കുന്നതിനാല്‍ വേഗത്തില്‍ എടിഎം മെഷീനുകള്‍ കാലിയാകുകയാണ്. നേരത്തെ 40 ലക്ഷം രൂപ നിറയ്ക്കാന്‍ സാധിച്ചിരുന്ന മെഷീനുകളില്‍ ഇപ്പോള്‍ പത്തുലക്ഷം മാത്രമേ കഴിയൂ. ഒരു തവണ നിറച്ച് 3 മണിക്കൂര്‍ കഴിയും മുമ്പ് എടിഎമ്മുകള്‍ കാലിയാകുകയാണ്, സിന്‍ഹ പറഞ്ഞു.
എടിഎം മെഷീനുകളില്‍ പണം നിറയ്ക്കാന്‍ പരിശീലനം നേടിയ 40,000 പേരുടെ കുറവാണ് ആകെ രാജ്യത്തുള്ളത്. ഒരു എടിഎം നിറയ്ക്കാന്‍ 20 മിനുറ്റു വേണം. കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ ഒരുലക്ഷം എടിഎമ്മുകളെങ്കിലും നിറയ്ക്കാം, സിന്‍ഹ പറഞ്ഞു.
എടിഎമ്മുകളില്‍ പുതിയ 500, 2000 രൂപ നോട്ടുകള്‍ ക്രമീകരിക്കുന്നതിനായി ബാങ്കിംഗ് സോഫ്റ്റ് വെയറുകളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ നോട്ടുകളും എടിഎമ്മുകളിലൂടെ ലഭ്യമാക്കുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: