തിരുവനന്തപുരം: കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാന്‍ ലോകത്തിനുതന്നെ മാതൃകയാകുന്ന ചരിത്രനീക്കം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ശ്രദ്ധേയമാകുമ്പോള്‍ ആ നീക്കത്തെ മനപ്പൂര്‍വം അട്ടിമറിക്കാനാണ് ബാങ്ക് ജീവനക്കാരുടെ സിപിഎം സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബെഫി) ശ്രമിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്.
1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വലിയ ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തിലും ബാങ്കുകളുടെ മേല്‍നോട്ടത്തിലും രാജ്യത്താകമാനം നടക്കുന്നത്. ഓരോ ബാങ്കിലേയും ജീവനക്കാര്‍ രാപകലില്ലാതെ പണിയെടുക്കുകയും കൂടുതല്‍ ആവശ്യങ്ങള്‍ക്കായി പഴയ ജീവനക്കാരെവരെ വിളിച്ച് പണിയെടുപ്പിക്കുന്നുമുണ്ട്. ഇവരെല്ലാം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഒരു സുപ്രധാന തീരുമാനത്തെ വിജയത്തിലെത്തിക്കാനായി മണിക്കൂറുകള്‍ തുടര്‍ച്ചയായി പണിയെടുക്കുകയാണ്. ഇത് വലിയൊരളവുവരെ പ്രശ്നപരിഹാരത്തിന് കാരണമായിട്ടുമുണ്ട്.
പക്ഷേ, മോദി സര്‍ക്കാരിന്റെ പദ്ധതി വിജയിപ്പിക്കാന്‍ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാര്‍ ആത്മാര്‍ഥമായി പണിയെടുക്കുമ്പോള്‍ അവരില്‍ ഒരു ചെറുവിഭാഗമായ ബെഫി ജീവനക്കാര്‍ സംസ്ഥാന സമ്മേളനത്തിനായി കൂട്ടമായി മാറിനിന്ന് ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രപ്രധാനമായ തീരുമാനം കൈക്കൊണ്ട മോദി സര്‍ക്കാരിനെതിരേ ജനങ്ങളെ തിരിക്കാന്‍ വേണ്ടി സിപിഎം നേതൃത്വത്തില്‍ നടന്ന ഗുഢാലോചനയുടെ ഭാഗമാണ് ബെഫിയുടെ സമ്മേളനം.
സമ്മേളനം നേരത്തേ തീരുമാനിച്ചതാണെന്ന സംഘാടകരുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ല. സുപ്രധാന തീരുമാനം സര്‍ക്കാരുകള്‍ കൈക്കൊള്ളുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അടിയന്തര ആവശ്യം വരുന്നത്. ആ സമയത്ത് ഉത്തരവാദിത്വം നിറവേറ്റാതെ മാറിനിന്ന് അട്ടിമറിശ്രമം നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. കേരളത്തിലെ ഒട്ടേറെ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം ഇതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ്. നവംബര്‍ ഒന്‍പതിന് റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവില്‍ നവംബര്‍ 12, 13 തീയതികളില്‍ സാധാരണ ദിവസങ്ങളിലേതുപോലെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണിതെന്നും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഈ ഉത്തരവിനെപ്പോലും അവഗണിച്ച് സമ്മേളനത്തിനായി പോയ ബെഫി അംഗത്വമുള്ള ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത് കൃത്യവിലോപവും കടുത്ത അച്ചടക്ക ലംഘനവുമാണ്. ശമ്പളം തടഞ്ഞു വയ്ക്കുന്നത് ഉള്‍പ്പെടെ ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: