ശബരിമല: മണ്ഡല മഹോത്സവത്തിനു മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ സന്നിധാനം ശുചീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരി, ഭദ്രദീപം തെളിയിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഇന്നലെ രാവിലെ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ശുചീകരണോപകരണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. 2010 മുതല്‍ അമൃതാനന്ദമയി മഠം നടത്തിവരുന്ന ശുചീകരണസേവനങ്ങള് എല്ലാവര്ക്കും ഉത്തമ മാതൃകയാണെന്നും അങ്ങേയറ്റം ശ്ലാഘനീയമായ പ്രവര്‍ത്തനമാണിതെന്നും അജയ് തറയില്‍ പറഞ്ഞു.
മഠത്തിന്റെ ‘അമലഭാരതം’ ശുചീകരണ പദ്ധതികളുടെ ഭാഗമായി, തുടര്‍ച്ചയായ പതിനൊന്നാമത്തെ തവണയാണ് ശബരിമലയില്‍ ശുചീകരണം നടക്കുന്നത്. ഭക്തരും ആശ്രമാന്തേവാസികളും വിദേശികളും അമൃത സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന രണ്ടായിരത്തിലധികം സന്നദ്ധ സേവകരാണ് ഇത്തവണത്തെ ശുചീകരണ ദൗത്യത്തിനായി ശബരിമലയിലെത്തിയത്.
വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മരക്കൂട്ടം, പമ്പ, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, സന്നിധാനം തുടങ്ങിയ ഇടങ്ങളാണ് വൃത്തിയാക്കുന്നത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഇന്ന് പമ്പയില്‍ ശുചീകരണം നടത്തും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്കേതരമെന്നും വേര്‍തിരിച്ച് ചാക്കുകളിലാക്കി, സന്നിധാനത്തും പമ്പയ്ക്കടുത്തുമായി സ്ഥിതിചെയ്യുന്ന സംസ്ക്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
ഇരുമുടിക്കെട്ടിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും പ്ലാസ്റ്റിക് തുടങ്ങിയവ കുറയ്ക്കുന്നതിനും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ മാധ്യമങ്ങളിലൂടെ ശക്തമാക്കുന്നുണ്ടെന്നും കോ ഓര്‍ഡിനേറ്റര്‍, ബ്രഹ്മചാരി ഗുരുദാസ് ചൈതന്യ അറിയിച്ചു. കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന ‘അമൃതശ്രീ’ സ്വാശ്രയസംഘം പ്രവര്‍ത്തകരായ വനിതകളിലൂടെയും, രാജ്യത്തെ വിവിധ ആശ്രമ ശാഖകളിലൂടെയും പരമാവധി ഭക്തരിലേക്ക് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: