തൊടുപുഴ: ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ബെഫിയുടെ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ തുടങ്ങി. മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ നൂറ് കണക്കിന് ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് എത്തിയിരിക്കുന്നത്. ജീവനക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഈ സമയത്ത് സമ്മേളനം മാറ്റി വയ്ക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
550 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്. ഇതില്‍ 375 പേര് ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നോട്ടുകള്‍ മാറുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായി ബാങ്കുകളില്‍ വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിനായി ശനിയും ഞായറും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും ഉണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ തൊടുപുഴയില്‍ എത്തിയിരിക്കുന്നത്.
ഈ സമ്മേളനം മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണെന്നാണ് ബെഫിയുടെ വിശദീകരണം. സംസ്ഥാന വിദ്യഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെയെല്ലാം നേരത്തെ തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നതാണ്. കൂടാതെ പ്രതിനിധികള്‍ക്ക് താമസിക്കാനുള്ള മുറികളും നേരത്തേ ബുക്ക് ചെയ്തിരുന്നു. സമ്മേളനം മാറ്റി വയ്ക്കുകയാണെങ്കില്‍ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഭാരവാഹികള്‍ പറയുന്നു.
വൈകിട്ട് നടക്കുന്ന പ്രകടനത്തില്‍ കൂടുതല്‍ ആളുകളെ അണിനിരത്താനുള്ള ശ്രമവും സംഘാടകര്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: