കൊച്ചി: ധാര്‍മികമൂല്യങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു വിലയും കല്പ്പിക്കാത്തയാളാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞ മാര്‍ക്കണ്ഡേയ കട്ജുവിനെ ഇനി ആരും ചുമക്കില്ല. അദ്ദേഹം കോര്ട്ടലക്ഷ്യക്കേസില് ശിക്ഷിക്കപ്പെടും എന്നുറപ്പായി. സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് പാതാളത്തിലേക്കുള്ള പടിയിറക്കം; സുപ്രീംകോടതി ജഡ്ജിയായിരുന്നയാള്‍, അതേ കോടതിയില്‍ നിന്നു നാണംകെട്ടു വിടവാങ്ങുന്ന, കളങ്കിത മുഹൂര്‍ത്തം.
ജഡ്ജിയായിരുന്നയാള്‍ കോര്ട്ടലക്ഷ്യക്കേസില് പെടുന്നതു തന്നെ, വലിയ പതനമാണ്. നിയമത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തയാള്‍ എന്ന ശങ്ക സമൂഹത്തില്‍ പടര്‍ത്തുകയാണ്, അയാള്‍. ജഡ്ജിയായിരുന്ന കാലത്ത്, അദ്ദേഹം, നല്ല ജഡ്ജിയായിരുന്നില്ല. നീതി ഉയര്ത്തിപ്പിടിക്കേണ്ടയാള്, സമനില തെറ്റിയ നിലയില്‍ പെരുമാറാന്‍ പാടില്ലായിരുന്നു; ഉന്നത നീതിപീഠത്തിനെ കൊഞ്ഞനം കുത്താന്‍ പാടില്ലായിരുന്നു.
രണ്ടുതരത്തിലാണ്, കോര്‍ട്ടലക്ഷ്യം: സിവിലും ക്രിമിനലും. ഉത്തരവുകളുമായി ബന്ധപ്പെട്ടതാണ്, സിവില്‍ കോര്‍ട്ടലക്ഷ്യം- ഉത്തരവുകള്‍ അനുസരിക്കാതിരിക്കുക, അവഗണിക്കുക എന്നിങ്ങനെ. കോടതിക്കെതിരായ മോശം പരാമര്‍ശങ്ങളാണ് ക്രിമിനല്‍ കോര്‍ട്ടലക്ഷ്യം. കോടതിയുടെ നടപടിക്രമങ്ങളില്‍ ഇടപെടുക, തടസം സൃഷ്ടിക്കുക, അപവാദം പറയുക എന്നതൊക്കെ അതില്‍ വരും.
1971 ല്‍ നിലവില്‍ വന്ന കോര്‍ട്ടലക്ഷ്യ നിയമമാണ്, ഇതൊക്കെ നിര്‍വചിക്കുന്നത്. അതിലെ 2 ബി, സി വകുപ്പുകള്‍, കോടതിവിധിയെപ്പറ്റി മര്യാദയോടെയുള്ള വിമര്‍ശനമാകാം എന്നു പറയുന്നു. കട്ജുവിന്റെ കാര്യത്തില്‍, 14-ാം വകുപ്പാണ് പ്രസക്തം.
ഇതാണ് 14-ാം വകുപ്പ്:
സുപ്രീംകോടതിക്കോ ഹൈക്കോടതിക്കോ സ്വന്തം നിലയില്‍ അതിന്റെ സാന്നിദ്ധ്യത്തിലോ വിചാരണാ വേളയിലോ ഒരാള്‍ കോര്ട്ടലക്ഷ്യക്കുറ്റം ചെയ്തു എന്നു കണ്ടാലോ ആരോപിക്കപ്പെട്ടാലോ, അയാളെ കസ്റ്റഡിയിലെടുത്തു തടവിലിടാം-കോടതി പിരിയുന്നതിന് മുന്‍പോ, അന്ന് തന്നെയോ, ഏറ്റവുമടുത്ത സമയത്തോ.
കോര്‍ട്ടലക്ഷ്യത്തിനു ശിക്ഷ പരമാവധി ആറുമാസം അഥവാ 2000 രൂപ പിഴ, അല്ലെങ്കില്‍, രണ്ടും കൂടിയാണ്. ഒരു രൂപയെങ്കിലും പിഴയായി ശിക്ഷിക്കപ്പെട്ടാല്‍, അത്, കട്ജുവിന്റെ ധാര്‍മിക നിലവാരത്തിന്റെ അടിത്തറയിളക്കും.
സുപ്രീംകോടതി, 14-ാം വകുപ്പില്‍ പറഞ്ഞ പ്രകാരം ഉടനെ കട്ജുവിനെ തടവില്‍ വച്ചില്ല എന്നത്, പരിഗണനയാണ്. എന്നാല്‍, സ്വന്തം നിലയ്ക്ക് കട്ജു കോര്‍ട്ടലക്ഷ്യം ചെയ്തു എന്നു കോടതിക്ക് ഉറപ്പായി; ശിക്ഷ കട്ജുവിനെ കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: