പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായി പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരും. 12890 എന്ന നമ്പരിലാണ് സേവനം ലഭിക്കുക. തീര്‍ത്ഥാടകര്‍ക്ക് ഏത് ജില്ലയില്‍ ആവശ്യമുണ്ടായാലും ഈ നമ്പരില്‍ വിളിക്കാം.
പ്രശ്ന പരിഹാരത്തിന് പമ്പയില്‍ 24 മണിക്കൂര്‍ പരിശീലനം ലഭിച്ച പോലീസുകാരുടെ സേവനമുണ്ടാവും. ഇതിനു പുറമേ ശബരിമല പോലീസ് ഹെല്‍പ്പ് ലൈന്‍ എന്ന പേരില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ സേവനവുമുണ്ടാവും. ഇതിന്റെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബെഹ്റ തീര്‍ത്ഥാടനകാലം തുടങ്ങുന്നതിന് മുന്‍പ് നിര്‍വഹിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തവണ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ നിരീക്ഷണമുണ്ടാവും. സംശയാസ്പദമായ സാഹചര്യങ്ങളും വ്യക്തികളെയും നിരീക്ഷിക്കുന്നതിന് പ്രത്യേക സ്പോട്ടര്മാരുണ്ടാവും. കേരളാ പോലീസിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേന, കമാണ്ടോകള്‍, ദ്രുതകര്‍മസേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനവുമുണ്ടാവും. സുരക്ഷയുടെ ഭാഗമായി 35 ഇന്‍ഫ്രാ റെഡ് വിഷന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പമ്പയിലെയും സന്നിധാനത്തെയും കണ്ട്രോള് റൂമുകള്‍ക്കു പുറമെ പത്തനംതിട്ട, തിരുവനന്തപുരത്തെ ഇന്റലിജന്‍സ് ഓഫീസ്, റെയ്ഞ്ച് ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. ശബരിലയില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ മുഴുവന്‍ പമ്പാ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്.
കുടുംബശ്രീയുമായി സഹകരിച്ച് പോലീസ് ചുക്കുവെള്ള കിയോസ്കുകള്‍ സ്ഥാപിക്കും. പത്തനംതിട്ട മുതല്‍ പമ്പ വരെ 12 സ്ഥലത്താണ് കിയോസ്കുകള്‍ ഉണ്ടാവുക. നിലയ്ക്കലില്‍ ഹെലിപ്പാഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. തീര്‍ത്ഥാടകരെ റോഡുകളില്‍ ബ്ലോക്ക് ചെയ്യേണ്ടെന്നാണ് പോലീസ് തീരുമാനം.സന്നിധാനത്തും പമ്പയിലും തിരക്ക് വര്‍ധിക്കുമ്പോള്‍ തീര്‍ഥാടകരെ ഇടത്താവളങ്ങളില്‍ കൂടുതല്‍ സമയം വിശ്രമിക്കാന്‍ അനുവദിക്കും. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് ഇടത്താവളങ്ങളില്‍ അനൗണ്‍സ്മെന്റ് ഏര്‍പ്പെടുത്തും. തിരുവല്ല റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, കുളിക്കടവ്, പ്രധാന ട്രാഫിക് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പോലീസ് പ്രവര്‍ത്തിക്കും.
ജില്ലയിലെ പ്രധാന അപകട മേഖലകളില്‍ ട്രാഫിക് ബ്ലിംഗര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. സന്നിധാനത്ത് വടക്കേ നടയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: