തൃശൂര്‍: ലാവ്ലിന് കേസില്‍ പിണറായി വിജയനെതിരെ മൊഴിനല്‍കിയ സാക്ഷിയായ വിനോദ് റായിയെ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിന്റെ ഉപദേശകസമിതി ചെയര്‍മാനാക്കാനുള്ള നീക്കം ദുരൂഹമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്. ഈ ചുമതലയേറ്റെടുക്കരുതെന്ന് കാണിച്ച് വിനോദ് റായിക്ക് കത്തയച്ചതായും മുരളീധരന് വ്യക്തമാക്കി. എസ്എന്‍സി ലാവ്ലിന് കമ്പനിയുമായി വിവാദക്കരാറുണ്ടാക്കുന്ന കാലത്ത് കേരളത്തില്‍ ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു വിനോദ്റായ്.
കെഎസ്ഇബിയുടെ ബോര്‍ഡംഗവുമായിരുന്നു. 1998 ജനുവരി 13ന് നടന്ന ബോര്‍ഡ് യോഗത്തില്‍ കരാറിനെ എതിര്‍ത്ത് വിനോദ്റായ് സംസാരിച്ചു. ഈ രേഖ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിബിഐക്കും കോടതിയിലും നല്കിയ മൊഴിയിലും വിനോദ് റായ് കരാറിനെതിരെ പറഞ്ഞു. എംഒയു വഴിയാണ് പദ്ധതി വന്നതെന്നും അത് സുതാര്യമല്ലെന്നും വിനോദ് റായിയുടെ മൊഴിയിലുണ്ട്.
ലാവ്ലിന് കണ്‍സള്‍ട്ടന്റ് കമ്പനി മാത്രമാണെന്നും അവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ആകില്ലെന്നും കെഎസ്ഇബി ബോര്‍ഡ് യോഗത്തില്‍ വിനോദ് റായ് പറഞ്ഞതിന് രേഖകളുണ്ട്. ലാവ്ലിന് കേസില്‍ പിണറായിക്കെതിരായ സിബിഐയുടെ സാക്ഷിപ്പട്ടികയിലെ ഏറ്റവും ശക്തമായ സാക്ഷിമൊഴികളിലൊന്ന് വിനോദ് റായിയുടേതാണ്. നവംബര്‍ 29ന് സിബിഐയുടെ അപ്പീലില്‍ ഹൈക്കോടതി അന്തിമവാദം കേള്‍ക്കാനിരിക്കയാണ്.
ഇതിനിടയില്‍ വിനോദ് റായിയെ കിഫ്ബ് ചെയര്‍മാനാക്കുന്നത് കേസിനെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹത്തിന്റെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും മുരളീധരന് ചൂണ്ടിക്കാണിക്കുന്നു.
ലാവ്ലിന് കേസില്‍ പിണറായിക്കെതിരായി മൊഴി നല്കിയ സി.പി.നായരെ ഭരണ പരിഷ്കരണ കമ്മീഷന് അംഗമാക്കിയതും ശരിയായ നടപടിയല്ലെന്ന് മുരളീധരന് പറഞ്ഞു. നിയമവിരുദ്ധമായി കരാറുണ്ടാക്കിയ ശേഷം മന്ത്രിസഭയെ അറിയിക്കുകയാണ് പിണറായി വിജയന് ചെയ്തതെന്നായിരുന്നു സി.പി.നായരുടെ മൊഴി. ഈ നിയമനങ്ങള്‍ ലാവ്ലിന് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. വിനോദ് റായ് കിഫ്ബിന്റെ ചുമതല ഏറ്റെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: