കൊച്ചി: മാറാട് ഗൂഡാലോചന സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിട്ട ഹൈക്കോടതി നടപടിയെ ഇപ്പോള്‍ പിന്തുണക്കുന്നവര്‍ പ്രകടിപ്പിക്കുന്നത് അതിരുകടന്ന ആത്മവിശ്വാസമാണെന്ന് ഹിന്ദുഐക്യവേദി അഭിപ്രായപ്പെട്ടു.
ഗൂഡാലോചന, ആയുധസമാഹരണം, ധനസമാഹരണം, അന്താരാഷ്ട്ര തീവ്രവാദബന്ധം എന്നിവ ഉള്‍പ്പെടുത്തി ഭാഗികമായ സി.ബി.ഐ. അന്വേഷണം വേണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യത്തെ അന്ന് നഖശിഖാന്തം എതിര്‍ത്തവരാണ് ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തെ അനുകൂലിച്ച് രംഗത്തുവരുന്നത്.
ഒരു വ്യാഴവട്ടക്കാലം പിന്നിട്ട കേസില്‍ ഇനി ഒന്നും പുറത്തുവരില്ല എന്ന വിശ്വാസമാണ് കോണ്‍ഗ്രസ്, സി.പി.എം., ലീഗ് കക്ഷികള്ക്കുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. 2003ല്‍ നടന്ന മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനയും അന്താരാഷ്ട്ര തീവ്രവാദബന്ധവും അന്ന് തന്നെ ഗൗരവമായി അന്വേഷിച്ചിരുന്നെങ്കില്‍ പിന്നീടുള്ള കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ പ്രീണനരാഷ്ട്രീയമാണ് അനുവര്‍ത്തിച്ചത്.
കഴിഞ്ഞ 13 വര്‍ഷമായി ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുവെങ്കിലും ഇപ്പോള്‍ അത് ലഭിക്കാനുള്ള സാഹചര്യമൊരുക്കിയതില്‍ അതിയായ സന്തോഷമുണ്ട്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെ കൂടി കണ്ടെത്തുവാന്‍ സിബിഐ അന്വേഷണത്തിനു കഴിയുമെന്നും ബാബു പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: