കണ്ണൂര്‍: വ്യാജരേഖ ചമച്ച് വളപട്ടണം സഹകരണബാങ്കില്‍ നിന്ന് പത്ത് കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ ബാങ്ക് ഭരണസമിതിക്കാരും ജീവനക്കാരുമുള്‍പ്പടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്നാണ് കാലമായി വളപട്ടണം ബാങ്ക് ഭരിക്കുന്നത്.
മുന്‍ ബാങ്ക് പ്രസിഡണ്ട് വളപട്ടണം മില്‍ റോഡിലെ ടി.സെയ്ഫുദ്ദീന്‍, സെക്രട്ടറി അലവില്‍ സ്വദേശി എം.പി.ഹംസ, ഭരണസമിതി അംഗങ്ങളായിരുന്ന മന്ന നിഹാത്തിസിലെ എ.പി.സിദ്ധിഖ് (42), കളരിവാതുക്കലിലെ കൂലോത്ത് കൃഷ്ണന് (66), വളപട്ടണം അറഫ മന്‍സിലിലെ കെ.എം.താജുദ്ദീന് (50), മില്‍ റോഡിലെ കണിയറക്കല്‍ ഷുക്കൂര്‍ (53), വളപട്ടണത്തെ ബൈത്തുല്‍ ഫാത്തിമയില്‍ പി.ഇസ്മയില്‍ (51), പാപ്പിനിശ്ശേരി നരയംകുളത്തെ ചിറക്കകലത്ത് അംനാസ് (32), താളിക്കാവ് നോര്‍ത്തിലെ കെ.പി.ജംഷീര്‍ (40), ഇയാളുടെ അച്ഛന് കെ.വി.ഇബ്രാഹിം (75) എന്നിവരെയാണ് കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം തന്നെ പ്രദേശത്തെ പ്രധാന കോണ്‍ഗ്രസ്സ്, ലീഗ് പ്രവര്‍ത്തകരാണ്.
2008 മുതല്‍ 2013 വരെയാണ് ഇവരുടെ നേതൃത്വത്തില്‍ വന്‍ കൊള്ള നടന്നത്. നേരത്തെ അന്വേഷണം നടത്തിയ പോലീസ് ബാങ്ക് കേന്ദ്രീകരിച്ച് മുപ്പതോളം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ വടകര സ്വദേശിനിയായ നൂര്ജഹാന് എന്ന സ്ത്രീ നല്കിയ പരാതിയില്‍~ഒരു കേസ് കൂടി ചാര്‍ജ് ചെയ്തിരുന്നു. നൂര്ജഹാന് അറിയാതെ അവരുടെ പേരില്‍ ലോണ്‍ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വായ്പാ കുടിശ്ശിക ഉള്‍പ്പടെ ഒന്നരലക്ഷം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് ഇവര്‍ വായ്പ സംബന്ധിച്ച് വിവരമറിഞ്ഞത്.
തുച്ഛമായ വിലമാത്രം ലഭിക്കുന്ന ചതുപ്പ് നിലങ്ങള്‍ക്ക് പൊന്നിന് വില കാണിച്ചും പണയമായി ലഭിച്ച സ്വര്‍ണ്ണം ഉടമയറിയാതെ എടുത്ത് വീണ്ടും പണയപ്പെടുത്തിയും ഇവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കിയതായി തെളിഞ്ഞിട്ടുണ്ട്. മറ്റ് ബാങ്കുകളില്‍ നിന്ന് കളക്ഷന്‍ വന്നുവെന്ന് കാണിച്ച് വിവിധ ചെക്കുകള്‍ കാണിച്ചും ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ട്. ബാങ്കിന്റെ ബൈലോയില്‍ പറയുന്ന പ്രവര്‍ത്തന മേഖല മറികടന്ന് വിദൂരമേഖലയിലുള്ളവര്ക്ക് പോലും ലക്ഷങ്ങളാണ് വായ്പ നല്‍കിയതായി കാണിച്ചിരിക്കുന്നത്. പണയപ്പെടുത്തിയ ആധാരങ്ങള്‍ കാണിച്ച് അതേ ആധാരങ്ങളില്‍ ഉടമയറിയാതെയും വായ്പയെടുത്തിട്ടുണ്ട്.
സംസ്ഥാന സഹകരണ വകുപ്പ് കോടികളുടെ തട്ടിപ്പ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് നടപടികള്‍ മരവിപ്പിക്കുകയായിരുന്നു. വളപട്ടണം സിഐ ടി.കെ.രത്നകുമാര്‍, എസ്ഐ ശ്രീജിത്ത് കോടേരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: