കോഴിക്കോട്: ”കണ്ണടഞ്ഞുപോകുന്നതിന് മുമ്പ് കേള്ക്കണമെന്നാഗ്രഹിച്ച വാര്‍ത്തയാണ് കേട്ടത്. മക്കളെ കൊല്ലിച്ചവര്‍ സമൂഹത്തില്‍ മാന്യരായി നടക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജ്യത്താരുമില്ലേ എന്ന വേവലാതിയായിരുന്നു മനസ്സില്‍”. 2003 മെയ് രണ്ടിന് നടന്ന മാറാട് കൂട്ടക്കൊലയില്‍ രണ്ടു മക്കളെ നഷ്ടപ്പെട്ട തെക്കെതൊടി ശ്യാമളയുടെ കണ്ണീരു നിറഞ്ഞ വാക്കുകളാണിത്.
കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട പുഷ്പരാജന്റെയും സന്തോഷിന്റെയും ഓര്‍മകളിലാണ് ശ്യാമളയും ഭര്‍ത്താവ് രാജനും സംസാര ശേഷിയില്ലാത്ത മകള്‍ നാല്‍പ്പതുകാരി റീനയുമടങ്ങുന്ന ഈ കുടുംബം. 2002 ലെ ആക്രമണത്തില്‍ രാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടില്‍ കയറി വന്ന് മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ രാജന് തലയ്ക്കായിരുന്നു ഗുരുതരമായ പരിക്ക്.
ജീവിതത്തിലേറ്റ നടുക്കുന്ന തിരിച്ചടികളുടെ ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല ഈ കുടുംബം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹരജി നല്‍കിയിരുന്നത് ശ്യാമളയായിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ നിലപാട് മൂലം ആ ഹര്‍ജി എങ്ങുമെത്തിയിരുന്നില്ല. മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ ഭാഷ്യം.
പുനരന്വേഷണമോ ഭാഗിക അന്വേഷണമോ അനുവദിക്കാനാവില്ലെന്നായിരുന്നു സിബിഐയുടെ അന്നത്തെ നിലപാട്. 2012 ല്‍ കൊളക്കാടന്‍ മൂസ ഹാജി നല്കിയ ഹര്‍ജിയില്‍ മാറാട് അരയ സമാജം സെക്രട്ടറി വിലാസ്, അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റ പ്രജു എന്നിവര്‍ പിന്നീട് കക്ഷി ചേര്‍ന്നിരുന്നു. ഭരണാധികാരികളുടെ തീവ്രവാദ അനുകൂല നടപടി കാരണം സിബിഐ അന്വേഷണമെന്ന ഹര്‍ജി തള്ളിപ്പോയെങ്കിലും മാറിയ സാഹചര്യത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായതില്‍ സന്തോഷിക്കുകയാണീ കുടുംബം.
ഹൈക്കോടതിയില്‍ സിബിഐ എടുത്ത നിലപാടാണ് നിര്‍ണ്ണായകമായത്. അന്വേഷണം സാധ്യമല്ലെന്ന പഴയ നിലപാട് ആവര്‍ത്തിച്ചിരുന്നുവെങ്കില്‍ പഴയ ഹര്‍ജിയുടെ ഗതിയാവുമായിരുന്നു ഇതിനെന്നും അങ്ങിനെയാവാതെ വന്നതില്‍ സന്തോഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. പുഷ്പരാജന്റെയും സന്തോഷിന്റെയും ഓര്‍മ്മകള്‍ വൃദ്ധ ദമ്പതികളുടെ കണ്ണു നനയ്ക്കുകയാണ്. എല്ലാറ്റിനും പുഷ്പരാജ് മതിയായിരുന്നു.
സന്തോഷാകട്ടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ശ്യാമള ഓര്‍ക്കുന്നു. വാര്‍ധക്യസഹജമായ അസുഖം അലട്ടുമ്പോഴും മാതാപിതാക്കളുടെ വേദന മകള്‍ റീനയുടെ കാര്യത്തിലാണ്. സംസാര ശേഷി ഇല്ലാത്ത ഇവരെ ആരുടെ കൈയിലേല്പ്പിക്കുമെന്ന വേദനയാണ് മനസ്സില്‍ നിറയുന്നത്. മകള്‍ മിനി വിവാഹിതയായി നഗരത്തിനടുത്ത് തന്നെയുണ്ടെന്നതാണ് ആശ്വാസം. അടുത്ത ബന്ധുക്കളും അരയസമാജ-ഹിന്ദു സംഘടനാ പ്രവര്‍ത്തകരും താങ്ങായുണ്ട് എന്ന കരുത്തിലാണ് ഇവരുടെ ഇപ്പോഴത്തെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: