കോട്ടയം: ഭാരതത്തിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ദേശീയ രാഷ്ട്രീയപ്രസ്ഥാനമായ ബിജെപിക്കൊപ്പം വരണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു.
കോട്ടയത്ത് ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്, വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്ത സൗഹൃദകൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാം, അരുണാചല്‍ പ്രദേശ്, നാഗാലാന്റ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിയുടെ ദേശീയധാരക്കൊപ്പം എത്തിക്കഴിഞ്ഞു. ജമ്മുകശ്മീരിലും പഞ്ചാബിലും ഭരണപങ്കാളികളാണ് ബിജെപി. കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിക്ക് ലോക്സഭാ പ്രാതിനിധ്യവുമുണ്ട്.
അടുത്തു നടക്കാന്‍ പോകുന്ന യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തും. സമാധാനവും സന്തുഷ്ടവുമായ ജനജീവിതത്തിലൂടെ സാമൂഹ്യരംഗത്ത് കാതലായ മാറ്റം വരുത്തി ഐക്യഭാരതം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇതില്‍ കേരളത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അധ്യക്ഷതവഹിച്ചു. ദേശീയസമിതി അംഗം പി. കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്, സംഘടനാ സെക്രട്ടറി എം. ഗണേശ്, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, വക്താവ് അഡ്വ. ജയസൂര്യന്‍, കെ.പി സുരേഷ്, ലിജിന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്, മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ആലി അച്ചന്, പ്രൊഫ. പി.സി. തോമസ്, അഡ്വ. എന്‍. ശങ്കര്‍റാം, അഡ്വ. നോബിള്‍മാത്യു, എ.എസ് മണി, ഡോ. അനില്‍കുമാര്‍ വടവാതൂര്‍, കെ.ജി ജോര്‍ജ്ജ്, മാത്യു കെ. ചെറിയാന് കൊശമറ്റം, ഫാ. ജയിംസ് മുല്ലശ്ശേരി, അഡ്വ. ഗീതാ ശങ്കര്‍, സക്കീര്‍ ഹുസൈന് ഗ്രൂപ്പ് ചെയര്മാന് കെ.എ. ലത്തീഫ് തുടങ്ങി സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള ഉന്നതര്‍ പങ്കെടുത്തു.
വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റം അനിവാര്യമാണ്, ഏകീകൃത സിവില്‍ കോഡ്, ശബരി റെയില്‍പാത, റബര്‍ കര്‍ഷകര്‍ക്ക് പരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ അഭിപ്രായം പ്രകടിപ്പിച്ചു. മോദിയുടെ വിദേശയാത്രയിലൂടെ രാജ്യം നേടിയെടുത്ത പുരോഗതിയും അംഗീകാരവും വിലമതിക്കാനാകാത്തതാണെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ജനക്ഷേമ പദ്ധതികളെ മാധ്യമങ്ങള്‍ തമസ്കരിക്കുകയാണെന്നും ജനോപകാരപ്രദമായ പദ്ധതികള്‍ മുമ്പെങ്ങുമില്ലാത്തവിധം നടപ്പാക്കുമ്പോള്‍ അത് സാധാരണ ജനങ്ങളിലെത്തുന്നില്ലെന്ന അഭിപ്രായങ്ങളും കൂട്ടായ്മയില്‍ ഉയര്‍ന്നു.
കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക താല്പര്യമുണ്ടെന്നും, കാര്‍ഷിക മേഖലയിലും വികസനരംഗത്തും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും രാംമാധവ് മറുപടി നല്കി. തുടര്‍ന്ന് എന്‍ഡിഎ സംസ്ഥാന നേതാക്കളുമായി രാംമാധവ് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: