കൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് റൗഡി -ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വെണ്ണല സ്വദേശിയായ ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സക്കീര്‍ ഹുസൈന് നല്കിയ ഹര്‍ജിയില്‍ എറണാകുളം സൗത്ത് സി.ഐ സിബി ടോമാണ് ഇക്കാര്യം വ്യക്തമാക്കി പത്രിക നല്‍കിയത്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
തൃക്കാക്കര സ്വദേശിനിയായ ഷീല തോമസ് എന്ന വ്യവസായിക്കെതിരെ നല്കിയ കേസുകള്‍ പിന്‍വലിക്കാന്‍ പ്രതികള്‍ ജൂബിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് സക്കീര്‍ ഹുസൈനെതിരായ കേസ്. ഏറെ സ്വാധീനമുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കുമെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. നാലാം പ്രതി ഷീല തോമസുമായി പ്രതികള്‍ക്കുള്ള ബന്ധം എന്താണെന്ന് കണ്ടെത്താനും പ്രതികള്‍ ഉപയോഗിച്ച കാര്‍ പിടികൂടാനും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.
സക്കീര്‍ ഹുസൈനെതിരെ കളമശേരി പോലീസ് സ്റ്റേഷനില്‍ 11 കേസുകളും തൃക്കാക്കര സ്റ്റേഷനില്‍ നാലു കേസുകളുമുണ്ട്. 2015 ജൂണ്‍ പത്തിന് കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ധിഖ്, ഫൈസല്‍ എന്നിവര്‍ ജൂബി പൗലോസിന്റെ സ്റ്റാഫായ സാജു ജോണിനെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം രാവിലെ ജൂബിയോട് കളമശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വരാന്‍ പറയണമെന്നും ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും പ്രതികള്‍ പറഞ്ഞു. അടുത്ത ദിവസം പാലാരിവട്ടത്തെ ബേക്കറിയില്‍ നിന്ന് സിദ്ധിഖും ഫൈസലും ചേര്‍ന്ന് ജൂബിയെ ബലമായി കാറില്‍ കയറ്റി കളമശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ കൊണ്ടുപോയി.
ഇവിടെയുണ്ടായിരുന്ന സക്കീര്‍ ഹുസൈന് ജൂബിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. പ്രതികളുടെ ഭീഷണിയും ഇതു നിമിത്തുമുള്ള ഭയവും കാരണം ഒരു വര്‍ഷം വൈകിയാണ് ജൂബി പരാതി നല്‍കിയത്. മറ്റൊരു തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിദ്ധിഖിനെയും ഫൈസലിനെയും ഈ കേസില്‍ ഒക്ടോബര്‍ 31 ന് അറസ്റ്റു ചെയ്തെന്നും സക്കീറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: