തിരുവനന്തപുരം: വര്‍ഷം 24% പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് വന്‍തുകകള്‍ വാങ്ങി നടിയും കുടുംബവും തട്ടിപ്പുനടത്തിയെന്ന് പരാതി. നടി ധന്യ മേരിവര്‍ഗീസ്, ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ്, ഇയാളുടെ അനുജന് സാമുവല്‍ ജേക്കബ്, മാതാപിതാക്കളായ ജേക്കബ് സാംസണ്, ലളിതാ സാംസണ്, മാനേജര്‍ അനിത എന്നിവര്‍ക്കെതിരെയാണ് നിരവധി പേര് പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിച്ചിരിക്കുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മുട്ടട കെസി റോഡിലെ ടിസി 3/679 കളിവീണ ബില്‍ഡിംഗ്സില്‍ പ്രവര്‍ത്തിക്കുന്ന സാംസണ് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, സാംസണ് ക്രിയേഷന്‍സ് എന്നീ രജിസ്ട്രേഡ് സ്ഥാപനങ്ങളുടെ പേരിലാണ് വന്‍ തുകകള്‍ നിക്ഷേപമായി സ്വീകരിച്ചത്. കമ്പനിക്ക് 500 കോടിയില്‍പരം ആസ്തിയുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയുണ്ടെന്നും വ്യാജരേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ചാണ് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചത്. നിക്ഷേപത്തിന് സര്‍ട്ടിഫിക്കറ്റും രസീതും നല്‍കിയിരുന്നു. പെണ്മക്കളുടെ വിവാഹാവശ്യത്തിനും മക്കളെ പഠിപ്പിക്കാനുമൊക്കെയായിട്ടാണ് പലരും പണം നിക്ഷേപിച്ചത്. മറ്റു ചിലരില്‍ നിന്ന് നഗരത്തിലെ കണ്ണായ സ്ഥലങ്ങളില്‍ ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന്പറഞ്ഞ് വന്‍തുകകള്‍ അടിച്ചുമാറ്റി. ആദ്യ ഏതാനും മാസങ്ങളില്‍ ലഭിച്ച പലിശയല്ലാതെ ഒന്നും കിട്ടിയിട്ടില്ലെന്നും പരാതിക്കാര്‍ പറഞ്ഞു.
നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ബാങ്കില്‍ നിന്ന് ഒമ്പതു കോടിരൂപ വായ്പയെടുത്തെങ്കിലും നിക്ഷേപകര്‍ക്ക് പണം മടക്കിനല്‍കാതെ ധന്യ മേരിവര്ഗീസും കുടുംബവും വീതിച്ചെടുത്തു. ഇവര്‍ക്കെതിരെ 70 കേസുകള്‍ നിലവിലുണ്ട്. ആഗസ്റ്റില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്കി. ജേക്കബ് സാംസണെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യമെടുത്ത് പുറത്തിറങ്ങിയിരിക്കുകയാണ്. മുട്ടടയിലെ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ധന്യ മേരിവര്ഗീസും കൂട്ടരും അധികൃതരെ കബളിപ്പിച്ച് നാടുവിടാന്‍ ഒരുങ്ങുകയാണെന്നും പരാതിക്കാര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ പേരില്‍ നല്കിയ ചെക്കുകള്‍ മടങ്ങിയതിനാല്‍ അതുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
തട്ടിപ്പിനിരയായ ഫെലിക്സ് ജോണി കുരുവിള, മൈക്കിള്‍ രാജ്, ഷീബ, ഡേവിഡ്, ടോമി എബ്രഹാം എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ധന്യ മേരിവര്ഗീസിനെയും കുടുംബാംഗങ്ങളെയും പ്രതികളാക്കി ഫ്ളാറ്റ് തട്ടിപ്പിനെതിരെ ഒരു കേസും റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെന്ന് വിശ്വസിപ്പിച്ച് നിക്ഷേപം സ്വീകരിച്ചതിനെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: