തിരുവനന്തപുരം: 500,1000 രൂപാ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരക്കെ സ്വാഗതം ചെയ്തുവെങ്കിലും നോട്ടുകള്‍ മാറാനാവാതെ പലരും കുഴങ്ങി. ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കാത്തതും സാധാരണക്കാരെ ഏറെ വലച്ചു.
പെട്രോള്‍ പമ്പില്‍നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റി നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ബാക്കി നല്കാന് ചില്ലറയില്ലാത്തത് ആശങ്കയിലാക്കി. മതിയായ ചില്ലറ ഇല്ലാത്തതിനാല്‍ മിക്ക പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ സ്വീകരിച്ചില്ല. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ബുക്കിംഗ് ഓഫീസില്‍ ആവശ്യത്തിന് ചില്ലറ ഇല്ലാതായാത് യാത്രക്കാരില്‍ പ്രതിഷേധത്തിനിടയാക്കി.
രാവിലെ ബസുകളില്‍ ടിക്കറ്റിനായി അഞ്ഞൂറു രൂപ നല്‍കിയെങ്കിലും അവരും നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറായില്ല. ഹോട്ടലുകളിലും ചെറുകിട വ്യാപര സ്ഥാപനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ചില സ്ഥാപനങ്ങള്‍ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ബാക്കി തരാമെന്ന് പറഞ്ഞ് ഇടപാടുകാരെ മടക്കി അയയ്ക്കുകയായിരുന്നു.
സര്‍ക്കാര്‍ തീരുമാനം അറിയാതെ ട്രെയിനുകളിലും മറ്റും യാത്രയിലായിരുക്കുന്നവരും ആശങ്കയിലാണ്. അതേസമയം 500,1000 നോട്ടുകള്‍ക്ക് പുലിമുരുകന്റെ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് സിനിമയുടെ അണിയറക്കാര്‍ അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഡിസംബര്‍ 30വരെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും 500, 1000 നോട്ടുകള്‍ സ്വീകരിക്കുമെന്നും ടിക്കറ്റുകള്‍ നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്. ഇന്നുമുതല്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കുന്നവര്‍ അത് സ്വന്തം ഉത്തരവാദിത്വത്തിലാണ് മാറ്റിയെടുക്കേണ്ടത്. ഇതിനായി ഡിസംബര്‍ 30വരെ സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: