സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം ഒപ്പം ധീരവും. രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ ഇങ്ങനെയെ വിശേഷിപ്പിക്കാനാകൂ. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ ഒഴികെ ആര്‍ക്കും കുറ്റപ്പെടുത്താനാകാത്ത തീരുമാനം. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പോലെ തന്നെ അപകടകരമാണ് സാമ്പത്തിക ഭീകരവാദം ഒരു പക്ഷേ അതിലും ഏറെ. ഇത് മനസ്സിലാക്കിയാണ് രാജ്യത്തെ കള്ളപ്പണം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബിജെപിയും നരേന്ദ്രമോദിയും പ്രഖ്യാപിച്ചത്. എന്നാല്‍ മോദി അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ എതിരാളികള്‍ വിമര്‍ശന ശരവുമായി ഇറങ്ങി. കഴിഞ്ഞ 60 വര്‍ഷവും ഒന്നും ചെയ്യാതിരുന്നവരാണ് വിമര്‍ശവുമായി മുന്‍പന്തിയിലുണ്ടായിരുന്നത് എന്നതാണ് രസകരം. കൃത്യമായ നടപടിക്രമങ്ങളിലൂടെ ഘട്ടം ഘട്ടമായാണ് ഇപ്പോഴത്തെ നടപടിയിലേക്ക് വന്നത് എന്ന് നിരീക്ഷണ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയിലൂടെ 62,250 കോടി രൂപയാണ് സ്വമേധയാ വെളിപ്പെട്ടത്. ഇത്തരത്തിലുള്ള നികുതി ഇനത്തില്‍ മാത്രം 29,362 കോടി ഖജനാവിലെത്തി. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ മാത്രമാണ്. അടിയന്തിരമായി നിരോധനം ഏര്‍പ്പെടുത്തിയത് തെറ്റായി എന്ന് മാത്രമാണ് അവര്‍ പോലും പറയുന്നത്. കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക് പറയുമ്പോലെ രണ്ടാഴ്ചത്തെ സമയം നല്കാമായിരുന്നില്ലേ? പുതിയ നോട്ടിനായി ബാങ്കിലെത്തുമ്പോള്‍ കള്ളപ്പണക്കാരെ പിടിക്കാമായിരുന്നില്ലേ? എന്നെല്ലാം ഒറ്റ നോട്ടത്തില്‍ ഏതൊരു സാധാരണക്കാര്‍ക്കും തോന്നാം. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളത് വന്‍കിടക്കാരും അതീവ കുരുട്ട് ബുദ്ധിയുള്ളവരുമാണെന്ന് നമുക്കെല്ലാം അറിയാം. നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തു വന്നാല്‍ ബിനാമി ഇടപാടുകാരിലൂടെയും വന്‍കിട മുതല്‍ മുടക്കിലൂടെയും പലരും പണം വെളുപ്പിക്കാന്‍ ശ്രമിക്കും എന്ന കാര്യം ഉറപ്പാണ്. ഇപ്പോഴും ആ സാധ്യത തള്ളിക്കളയാന്‍ ആവില്ലാത്തതിനാലാണ് മറ്റാരെങ്കിലും പണം മാറിയെടുക്കാന്‍ ഏല്‍പ്പിച്ചാല്‍ ആരും അത് കൈപ്പറ്റരുതെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ മുന്നറിയിപ്പ് നല്‍കിയത്. പണം മാറിയെടുക്കാന്‍ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയും വന്‍ തുകയാണെങ്കില്‍ സ്രോതസ്സും വെളിപ്പെടുത്തേണ്ടി വരും എന്ന നിബന്ധനയും ഏര്‍പ്പെടുത്തിയത്. മാത്രമല്ല 48 മണിക്കൂര്‍ കൊണ്ട് വന്‍കിട ഇടപാടുകള്‍ നടത്തി പണം വെളുപ്പിക്കാനും സാധ്യമല്ല. ചുരുക്കത്തില്‍ കൈവശമുള്ള കള്ളപ്പണത്തിന് കടലാസിന്റെ വില പോലും ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ തീരുമാനം കള്ളപ്പണക്കാരന്റെ ചങ്കിടിപ്പ് കൂട്ടും എന്ന കാര്യം ഉറപ്പാണ്. രഹസ്യ സങ്കേതങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും സൂക്ഷിച്ചിട്ടുള്ള കള്ളനോട്ടുകള്‍ നശിപ്പിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ വഴിയില്ല. സമ്പദ്ഘടനയെ ബാധിക്കുന്ന കള്ളപ്പണം, ഭൂമാഫിയ, കരിഞ്ചന്ത തുടങ്ങിയ ഒട്ടുമിക്ക മാരക പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഈ തീരുമാനത്തിന് കഴിയുമെന്ന കാര്യം ഉറപ്പാണ്. വിദേശത്താണ് കള്ളപ്പണം മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നത് എന്നതിനാല്‍ ഈ തീരുമാനം കൊണ്ട് പ്രയോജനം ഇല്ലെന്നാണ് മറ്റൊരു വാദം.നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിദേശ ബാങ്കുകളില്‍ ഉള്ള കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമാണ് കണ്ടെത്തിയത്.ആ പ്രക്രിയ ഇപ്പോഴും തുടരുകയുമാണ്. മാത്രമല്ല അതിര്‍ത്തികള്‍ സുരക്ഷിതമാകുന്നതിലൂടെ മുമ്പത്തെപ്പോലെ ഹവാലാ പണം രാജ്യത്ത് എത്താനുള്ള സാധ്യതയും കുറവാണ്. ഇത്തരത്തില്‍ വിവിധ മേഖലകളിലൂടെയും ഘട്ടങ്ങളിലൂടെയുമാണ് കള്ളപ്പണത്തിനെതിരായ പോരാട്ടം ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. പൊടുന്നനെയുള്ള തീരുമാനം കൊണ്ട് സാധാരണക്കാരന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എന്ന കാര്യം ശരിയാണ്. രാജ്യത്തിന്റെ നല്ല ഭാവിയെക്കരുതി രണ്ടു ദിവസത്തെ ബുദ്ധിമുട്ടുകള്‍ സഹിക്കാനുള്ള വിവേകമൊക്കെ ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ കഷ്ടപ്പാട് പരമാവധി കുറയ്ക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ അതിനൊന്നും ചെവി കൊടുക്കാതെ ഇതിനെ പര്‍വ്വതീകരിക്കാനുള്ള ശ്രമമാണ് തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ചെയ്യുന്നത്. ഒരു ചെറിയ പനി വന്നാല്‍ പോലും ഒരാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം വേണ്ടി വരുന്ന കാലമാണിത്. അങ്ങനെയുള്ളപ്പോള്‍ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ സ്വന്തം നിഴലിനോട് തന്നെ യുദ്ധം ചെയ്യുന്നു എന്നേ പറയാനുള്ളൂ. കള്ളപ്പണമെന്ന ക്യാന്‍സര്‍ മാറാന്‍ രണ്ടു ദിവസമല്ല രണ്ടാഴ്ച കഷ്ടപ്പാടനുഭവിക്കാന്‍ തയ്യാറുളള ജനങ്ങള്‍ ഐസകിനേപ്പോലെയുള്ളവരുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണ്. മോദിയുടെ തീരുമാനത്തിന്റെ വ്യാപ്തി വരും ദിവസങ്ങളില്‍ നമുക്ക് കാണാനാകും. ഇതല്ലേ അച്ചാ ദിന്, ഇനിയല്ലെ അച്ചാ ദിന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: