ആലപ്പുഴ: മീഡിയ റൂം വിഷയത്തില്‍ ഹൈക്കോടതി സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് അഭിഭാഷകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടു. ജൂലൈ 19 നു മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. മാദ്ധ്യമപ്രവര്‍ത്തകരുടെ അഭാവത്തില്‍ കോടതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യമായാണ്.
മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി നിര്‍വഹണത്തില്‍ വിശ്വാസ്യത ഉണ്ടാകണമെങ്കില്‍ തുറന്ന കോടതിയായിരിക്കണമെന്നും അതിനു മാദ്ധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യത ഓരോ ദിവസവും താഴോട്ട് പോകുന്നു. സ്വന്തം കോടതിമുറികള്‍ സംരക്ഷിക്കാന്‍ ന്യായാധിപന്മാര്ക്കു കഴിയുന്നില്ലെന്നതിനു തെളിവാണ് ഹൈക്കോടതിയിലെയും വഞ്ചിയൂര്‍, വിജിലന്‍സ് കോടതികളിലെയും സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്ത് അഴിഞ്ഞാട്ടവും കോടതിയില്‍ നടത്താമെന്ന ചില ന്യായാധിപന്മാരുടെ നിലപാടാണ് അഭിഭാഷകര്‍ ഇത്തരത്തില്‍ അക്രമങ്ങള്‍ അഴിച്ചുവിടാനിടയാക്കുന്നത്. അഭിഭാഷകരുടെ നിലപാടിനെതിരെ ലോയേഴ്സ് യൂണിയന് രംഗത്ത് വന്നത് ഏറെ വൈകിപ്പോയി.
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുള്ള കോടതി വിലക്കിനെതിരെ നിലപാട് സ്വീകരിച്ച തനിക്കെതിരെ കേരളത്തിലെ കഴിയുന്നത്ര കോടതികളില്‍ കേസ് ഫയല്‍ ചെയ്യാനുള്ള പുറപ്പാടിലാണ് അഭിഭാഷകര്‍. ഹൈക്കോടതി നിലപാടിനെതിരെ താന്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ബാര്‍ അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇതിനു പിന്നാലെയാണ് വിവിധ കോടതികളില്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: