ഇടുക്കി: കേരള സര്‍ക്കാരിന്റെ കുടിവെള്ള സംരംഭമായ ഹില്ലി അക്വായുടെ വില്‍പ്പന ഇടിയുന്നു. വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്ന കമ്മീഷന് തുക കുറഞ്ഞതാണ് കുപ്പിവെള്ളത്തിന്റെ വില്‍പ്പന താഴേക്ക് പോകുവാന്‍ കാരണം. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇറിഗേഷന്‍ വകുപ്പ് കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്നതിന് കമ്പനി ആരംഭിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് തൊടുപുഴയ്ക്ക് സമീപം മലങ്കര പെരുമറ്റത്ത് ഹില്ലി അക്വ പ്രവര്‍ത്തനം തുടങ്ങിയത്. ഗുണനിലവാരമുള്ള കുപ്പിവെള്ളം കുറഞ്ഞ നിരക്കില്‍ നല്‍കുക എന്നതായിരുന്നു ലക്ഷ്യം. 10 രൂപ നിരക്കിലാണ് ഇവിടുത്തെ ഔട്ട്ലെറ്റില് നിന്നും ഒരു ലിറ്റര്‍ വെള്ളം വില്‍ക്കുന്നത്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇതിന് 15 രൂപ നല്‍കണം, രണ്ട് ലിറ്റര്‍ 20 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പാതിയിലധികം ലാഭത്തിന് വ്യാപാരികള്‍ക്ക് കുപ്പിവെള്ളം നല്കുമ്പോള് ഹില്ലി അക്വ വിറ്റാല്‍ ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണ്.
20 രൂപയ്ക്ക് വില്‍ക്കുന്ന ഒരുലിറ്റര്‍ വെള്ളം സ്വകാര്യ നിര്‍മ്മാതാക്കള്‍ ഏഴ് രൂപയ്ക്കാണ് കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. ഇങ്ങനെ സ്വകാര്യ കുപ്പിവെള്ളത്തില്‍ ഒന്നില്‍ നിന്ന് 13 രൂപ ലാഭം ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ കുപ്പിവെള്ളം വിറ്റാല്‍ എട്ടുരൂപയാണ് വ്യാപാരിക്ക് അധികമായി കിട്ടുക. ഇതുമൂലം ഗുണനിലവാരമുള്ള ഹില്ലി അക്വ പിന്തള്ളപ്പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വെള്ളമേതായാലും ഇതിനായി മാറ്റിവയ്ക്കുന്ന സ്ഥലം ഒരുപോലെയാണെന്നും വില്‍പ്പന കൂടുന്നത് സീസണനുസരിച്ച് മാത്രമാണെന്നും വ്യാപാരികള്‍ പറയുന്നു. ലാഭം കൂട്ടി തന്നാല്‍ ഇത് എടുക്കാന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. തൊടുപുഴയില്‍ പോലും വളരെ കുറച്ച് സ്ഥാപനങ്ങളിലാണ് ഹില്ലി അക്വായുടെ വില്‍പ്പനയുള്ളത്.
ഏഴ് ഘട്ടങ്ങളിലായി ശുദ്ധീകരണം നടത്തി നിത്യേന 40,000 ലിറ്റര്‍ വെള്ളമാണ് ഹില്ലി അക്വ വിതരണത്തിനായി തയ്യാറാക്കുന്നത്. വേണ്ടത്ര ജീവനക്കാരില്ലാത്തതു കൊണ്ട് ഏക ഷിഫ്റ്റിലാണ് കുപ്പി വെള്ള കമ്പനി പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിന് സബ് സ്റ്റേഷന് ആരംഭിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ല. മണ്ഡലകാല സീസണ് അടുത്ത് വരുന്നതോടെ പരമാവധി കുപ്പിവെള്ളം ഉല്‍പ്പാദിപ്പിച്ച് വില്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ദിവസവും നൂറക്കണക്കിന് അയ്യപ്പ വാഹനങ്ങള്‍ കടന്ന് പോകുന്ന വഴിയായതിനാല്‍ വില്‍പ്പന കൂടുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: