കൊച്ചി: വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് അറിയിച്ചു. സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേയ്ക്കാണ് ഗ്രേഡിംഗ്. തുടര്‍ന്ന് പരിശോധനയില്‍ ആവശ്യമെന്ന് കണ്ടാല്‍ മെച്ചപ്പെടുത്തുകയോ തരംതാഴ്ത്തുകയോ ചെയ്യും. ഉയര്‍ന്ന ഗ്രേഡിംഗ് ലഭിക്കുന്ന ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും. കുറഞ്ഞ കൂലി, അര്‍ഹതപ്പെട്ട അവധി ആനുകൂല്യങ്ങള്‍, ശരിയായ ജോലി സമയം, ആരോഗ്യ ശുചിത്വ പരിപാലനത്തിന് നല്കുന്ന പരിഗണന, ഹോസ്റ്റല്‍, ക്രഷ്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഗ്രേഡിംഗിനുള്ള മാനദണ്ഡങ്ങളാക്കും.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ സംരംഭമായ ‘കെയ്സ്’ മുഖേനെ വിദഗ്ധ പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ നല്കാന് 1800 4255 5214 എന്ന ടോള്‍ഫ്രീ കോള്‍സെന്റര്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ സേവനം പ്രയോജനപ്പെടുത്താം.
വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്കായി ശൗചാലയം, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ ഒരുക്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്ഥല സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: