തൃശൂര്‍: അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങളും യുഎഇ സന്ദര്‍ശനത്തിനെത്തിയ തൃശൂര്‍ വ്യാവസായിക മേഖലയിലെ പ്രമുഖരും അബുദാബി ചേംബര്‍ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. മികച്ച പദ്ധതികള്‍ കേരളത്തില്‍ ആസൂത്രണം ചെയ്താല്‍ അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ് നിക്ഷപം നടത്തുവാന്‍ തയ്യാറാണെന്ന് ബോര്‍ഡ് അംഗമായ യൂസഫ് അലി മുസല്യം പറഞ്ഞു.
തൃശൂര്‍ വ്യാവസായിക മേഖലയിലെ ഇരുപത്തഞ്ചോളം പ്രതിനിധികള്‍ പങ്കെടുത്ത കൂടിക്കാഴ്ചയില്‍ കേരളത്തിലെ വിവിധ നിക്ഷേപ സാധ്യതകളെക്കുറിച്ച് പ്രതിനിധി സംഘം വിശദീകരിച്ചു. പ്രധാനമായും ആയുര്‍വേദം, ടെക്സ്റ്റയില്‍, ടൂറിസം, ഐടി മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ് മുമ്പാകെ സംഘം ചര്‍ച്ചചെയ്തതെന്ന് തൃശൂര്‍ ചേംബര്‍ പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമന് പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിക്ഷേപ സൗഹാര്‍ദപരമായ സമീപനമാണ് ഉണ്ടാകുന്നതെന്നും പട്ടാഭിരാമന് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ അബുദാബി ചേംബര്‍ ബോര്‍ഡ് അംഗമായ എം.എ.യൂസഫലി തൃശൂരിലെ വ്യവസായികള്‍ കേരളത്തിലും വിദേശത്തും വലിയ തോതില്‍ നിക്ഷേപം നടത്തുന്നവരാണെന്ന് പറഞ്ഞു.
ചേംബര്‍ അംഗം സനദ് സായിദ് അല്മക്ബാലി കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. യുഎഇ സാംസ്ക്കാരിക യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍നഹ്യാന്റെ വസതിയില്‍ നടന്ന വിരുന്നിലും പ്രതിനിധി സംഘം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: