കൊച്ചി: ചരക്ക് സേവന നികുതി (ജി എസ് ടി) നിലവില്‍ വരുന്നതോടെ സെന്‍ട്രല്‍ എക്സൈസ് പോലുള്ള ഏജന്‍സികളുടെ ചുമതലയിലും സമീപനത്തിലും കാതലായ മാറ്റമുണ്ടാകുമെന്ന് സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് ആന്റ് സര്‍വീസസ് കേരള ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വരറാവു.
നികുതി പിരിവുമായി ബന്ധപ്പെട്ട നിര്‍ബന്ധിത നിയമ നിര്‍വഹണത്തില്‍ നിന്ന് തങ്ങളുടെ റോള്‍ നികുതിദായകര്‍ക്ക് സഹായം ചെയ്തുകൊടുക്കുന്നതിലേക്ക് മാറുമെന്നും അത്തരമൊരു മാതൃകയാണ് സെന്‍ട്രല്‍ എക്സൈസ് പിന്തുടരാന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി എസ് ടിയെക്കുറിച്ച് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി)കെ പി എം ജിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന ബോധവല്‍ക്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു റാവു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്കാന് പോകുന്ന ജി എസ് ടിയെക്കുറിച്ച് വാണിജ്യ സമൂഹത്തിന് ഒരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹുമുഖ നികുതിയുടെ സങ്കീര്‍ണതകള്‍ മൂലം നട്ടംതിരിയുന്ന വാണിജ്യസമൂഹത്തിന് ആശ്വാസം പകരുന്നതാണ് ജി എസ് ടി നിയമത്തിലെ വ്യവസ്ഥകള്‍. ജി എസ് ടിയിലേക്ക് നികുതി വ്യവസ്ഥ സുഗമമായി തന്നെ പരിവര്‍ത്തനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിവര്‍ത്തന ഘട്ടത്തില്‍ വളരെ ചെറിയ പ്രശ്നങ്ങളുണ്ടായേക്കാമെങ്കിലും വാണിജ്യ മേഖലക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ ജി എസ് ടി വ്യവസ്ഥ നടപ്പാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ജി.എസ്.ടി നിലവില്‍ വരുന്നതോടെ വാറ്റ്-വില്പന നികുതി, വിനോദനികുതി, ആഡംബര നികുതി, ലോട്ടറി, ചൂതുകളി, വാതുവയ്ക്കല്‍ തുടങ്ങിയവയിന്മേലുള്ള നികുതികള്‍, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍, ഒക്ട്രോയി(നഗരചുങ്കം) എന്നിവ ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (ഇന്റലിജന്‍സ്) എസ് ശിവന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തി. ഫിക്കി കോ ചെയര്‍മാനും കെ പി എം ജി ഇന്‍ഡയറക്ട് ടാക്സ് വിഭാഗം മേധാവിയുമായ സച്ചിന്‍മേനോന്‍ ജി എസ് ടിയുടെ സവിശേഷതകളെക്കുറിച്ച് സംസാരിച്ചു. കെ പി എം ജി വെസ്റ്റ് ഇന്ത്യ ഇന്‍ഡയറക്ട് ടാക്സ് മേധാവി സന്തോഷ് ദാല്‍വി, മുതിര്‍ന്ന പരോക്ഷ നികുതി ഉപദേശകന് സവിത് ഗോപാല്‍, കെ പി എം ജി ടെക്നിക്കല്‍ ഡയറക്ടര്‍ മനീഷ് വസര്‍ക്കര്‍ എന്നിവര്‍ ശില്പശാലയെ അഭിസംബോധന ചെയ്തു. ഫിക്കി കേരള കൗണ്‍സില്‍ കോ ചെയര്മാന് ദീപക് അസ്വാനി സ്വാഗതവും കേരള മേധാവി സാവിയോ മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: