തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരുമാനങ്ങൾ ഉത്തരവായ ശേഷം മാത്രമെ അവ പുറത്തു വിടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കില്ലെന്ന സർക്കാർ നിലപാടിനെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് 48 മണിക്കൂറിനകം ഉത്തരവിറക്കും. ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ തീരുമാനങ്ങള്‍ ലഭ്യമാകും. ഉത്തരവ് ആയാല്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കൂ. വിവരാവകാശ നിയമത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവില്‍ കൂടുതൽ വ്യക്തത തേടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചതെന്നും പിണറായി വിശദീകരിച്ചു.
മന്ത്രിസഭാ തീരുമാനം പുറത്ത് വിടില്ലെന്നത് വിവരാവകാശ നിയമത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശൻ പറഞ്ഞു. ഭരണാധികാരി ആയപ്പോൾ പിണറായി വിജയന് രഹസ്യ അജണ്ടുകളുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: