തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലും അല്ലാതെയും പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. താമസയോഗ്യമല്ലാത്ത പോലീസ് ക്വാട്ടേഴ്സുകള്‍ക്ക് പകരമായി പുതിയവ നിര്‍മിച്ചുനല്‍കും.
സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 26,885 വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. തിരുവനന്തപുരം -4499, കൊല്ലം – 3627, മലപ്പുറം – 2156, തൃശൂര്‍ – 2858, എറണാകുളം – 2400, കണ്ണൂര്‍ – 2007, ഇടുക്കി- 698 എന്നിങ്ങനെയാണ് എണ്ണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 253 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 6,755 കുട്ടികളെ കാണാതായിട്ടുണ്ട്. അമ്പത് ശൈശവ വിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്‍ഡിഎഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനപ്രകാരം ജൂണ്‍ 30 വരെ വിവിധ വകുപ്പുകളിലായി 5,645 ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിനൊന്നുതവണ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതായും മുഖ്യമന്ത്രി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: