ആലപ്പുഴ: വ്യാപകമായ അഴിമതിക്കും ക്രമക്കേടിനും കളമൊരുക്കുന്ന ഹരിപ്പാട്ടെ നിർദ്ദിഷ്ട സ്വകാര്യ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ സിപിഎം രംഗത്തെത്തി. മെഡിക്കൽ കോളേജിനെതിരെ ആദ്യം രംഗത്തുവന്നത് ശാസ്ത്ര സാഹിത്യപരിഷത്തും ബിജെപിയുമായിരുന്നു. തുടക്കത്തിൽ മൗനത്തിലായിരുന്ന സിപിഎം ഇപ്പോൾ പരിഷത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിൽ ദുരൂഹത.
വണ്ടാനത്ത് സർക്കാർ ഉടമസ്ഥതയിൽ മെഡിക്കൽ കോളേജ് ആശുപത്രിയുള്ളപ്പോൾ 18 കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു മെഡിക്കൽ കോളേജിന്റെ ആവശ്യമില്ലെന്നും സർക്കാർ മെഡിക്കൽ കോളേജിന്റെ നിലവാരം ഉയർത്തുകയാണ് വേണ്ടതെന്നുമായിരുന്നു പരിഷത്തിന്റെ നിലപാട്. ഈ നിലപാടിനെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. ഹരിപ്പാട്ട് മെഡിക്കൽ കോളേജ് വേണ്ടെന്ന നിലപാട് പാർട്ടിക്കില്ലെന്നും, പരിഷത്ത് പറയുന്നതിന്റെ പിന്നാലെ പോകുന്നത് പാർട്ടിയുടെ പണിയല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പരിഷത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു നേരത്തെ മന്ത്രി ജി. സുധാകരന്റേത്, ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയതോടെ സിപിഎമ്മിൽ ഇതു സംബന്ധിച്ച് ഭിന്നത മറനീക്കി. അതിനിടെ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്താതെ സർക്കാർ ഒളിച്ചുകളി തുടരുന്നു. സിപിഎം മന്ത്രിമാരുടെ എതിർപ്പ് താൻ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനിലാണ് തനിക്ക് വിശ്വാസമെന്ന് ആരോപണങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രസ്താവിച്ചിരുന്നു.
മെഡിക്കൽ കോളേജിന്റെ കെട്ടിട നിർമ്മാണത്തിനുള്ള കൺസൾട്ടൻസി കരാർ നൽകിയതിൽ അഴിമതി നടന്നെന്ന് വ്യക്തമായിട്ടും അന്വേഷണം വിജിലൻസിന് കൈമാറാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ തയാറാകാത്തതിലും ദുരൂഹത. പകരം പൊതുമരാമത്ത് വിജിലൻസാണ് നിലവിൽ ക്രമക്കേട് അന്വേഷിച്ചത്. പദ്ധതി തുകയുടെ 1.90 ശതമാനത്തിൽ കൂടുതൽ തുക കൺസൾട്ടൻസി കരാർ നൽകരുതെന്നാണ് ചട്ടം.
ഇതു മറികടന്ന് അടങ്കൽ തുകയുടെ 2.94 ശതമാനം തുകയ്ക്ക് ആർജി മാർട്ടിക്സ് എന്ന കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകുകയായിരുന്നു. ഇതിൽ മാത്രം നാലു കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചെന്നും ആക്ഷേപം.
ഹരിപ്പാട് മെഡിക്കൽ കോളേജ് പിപിപി സംരംഭമാണെന്നത് മാത്രമല്ല, മറിച്ച് ഇതുമായി ബന്ധപ്പെട്ടുണ്ടാക്കിയ നിബന്ധനകളെല്ലാം ദുരൂഹം. സംയുക്ത സംരംഭത്തിന്റെ മറവിൽ പൊതുവിഭവം സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന ഒരു ബിസിനസ് മോഡലാണ് ഇവിടെ നടക്കുന്നത്. ചില പ്രമുഖ സിപിഎം നേതാക്കൾക്കും പദ്ധതിയുമായി ബന്ധമുണ്ട്. സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയുടെ 40 മടങ്ങിലധികം വിലയ്ക്കാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
47 ആധാരങ്ങളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് സംബന്ധിച്ച വിവാദങ്ങളെ ശരിവെക്കുന്നതാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ. 15 കോടി രൂപയാണ് ഭൂമി വാങ്ങാനായി സർക്കാർ അനുവദിച്ചിരുന്നത്. അതിൽ 12 കോടി രൂപയാണ് ഇതുവരെ വിനയോഗിച്ചത്.
ശാസ്ത്ര സാഹിത്യപരിഷത്തിനെ പോലും തള്ളി സിപിഎം മെഡിക്കൽ കോളേജിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയത് നേരത്തെ പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി വിജയനിൽ വിശ്വാസം പ്രകടിപ്പിച്ച സാഹചര്യത്തിൽ സിപിഎം നിലപാട് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: