എസ്. ശ്രീജിത്ത് എം.ജി. രാജമാണിക്യം
കോട്ടയം:സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീല ആര്. ഭട്ടിനെ നീക്കംചെയ്ത്ത് പിണറായി സര്‍ക്കാരില്‍ ഭൂമാഫിയയുടെ സ്വാധീനത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇതോടെ റവന്യൂഭൂമി പിടിച്ചെടുക്കുന്നതിനായുള്ള സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം.ജി. രാജമാണിക്യത്തിനും പ്രത്യേക അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഐജി ശ്രീജിത്തിനും സ്ഥാനചലനമുണ്ടാകാന് സാധ്യതയേറി.
ഹാരിസണ്‍ മലയാളം, കണ്ണന്‍ദേവന്‍ തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി തോറ്റുകൊടുക്കുന്ന സാഹചര്യത്തില്‍ 2012 ലാണ് സുശീല ഭട്ടിനെ സ്പെഷ്യല്‍ ഗവ. പ്ലീഡറായി നിയമിച്ചത്. അതിനുശേഷം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന 300 ഓളം കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തിരുന്നു.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിനായി ശക്തമായ നിലപാട് ഇവര്‍ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് റവന്യൂഭൂമി തിരിച്ചുപിടിക്കുന്നതിനായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ ഓഫീസറായി എം.ജി. രാജമാണിക്യത്തെയും ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചത്. പ്രത്യേക അന്വേഷണ സംഘം ഭൂമി കയ്യേറ്റത്തിനെതിരെ നാല്പതോളം കേസുകളാണ് കണ്ടെത്തിയത്. 5,25,000 ഏക്കര്‍ ഭൂമി കയ്യേറ്റം ചെയ്യപ്പെട്ടതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സംഘം.
1954 ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട തിരുകൊച്ചിയിലെ പിഎസ്പി സര്‍ക്കാരാണ് ആദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത്. ഐക്യകേരളം രൂപംകൊണ്ടതിനുശേഷം 1957 ലും 63 ലും 69 ലും പരിഷ്കരിച്ച നിയമങ്ങള്‍ നിയമസഭ പാസാക്കിയിരുന്നു. 1973 ല്‍ കേരള ഭൂരിപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന കേസില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് സംസ്ഥാനത്തെ ഭൂരഹിതര്‍ക്കും, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പുറമേ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഭൂമി പതിച്ചുനല്കുന്നതിനാണ് ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതെന്നാണ്.
എന്നാല്‍ ഇന്നും 5 ലക്ഷം കുടുംബങ്ങളിലായി 25 ലക്ഷം ആളുകളാണ് സ്വന്തമായി ഭൂമിയില്ലാത്തവരായി കേരളത്തില്‍ ഉള്ളത്. സംസ്ഥാനത്ത് മാറിമാറി അധികാരത്തിലെത്തുന്ന സര്‍ക്കാരുകളുടെ നിരുത്തരവാദിത്വവും, ഭൂമാഫിയയുമായി സന്ധിചെയ്യുന്നതും മൂലമാണ് കേരളത്തില്‍ ഭൂരഹിതരുടെ എണ്ണം കൂടിവരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സുശീല ആര്. ഭട്ടിനെ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്നും നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: