ന്യൂദല്‍ഹി: കല്‍പ്പിത സര്വ്വകലാശാലയ്ക്കാവശ്യമായ അപേക്ഷ എത്രയും വേഗം യുജിസിക്ക് നല്‍കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ് പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഡീംഡ് സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മലയാളികൂടിയായ കെ.ജി. സുരേഷ് പറഞ്ഞു.
രാജ്യത്തെ മാധ്യമരംഗത്തെ അഭിമാനകരമായ സ്ഥാപനമായി ഐഐഎംസിയെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ബിരുദം, ബിരുദാനന്തര ബിരുദം, എംഫില്‍, ഗവേഷണ കോഴ്സുകള്‍ ഐഐഎംസിയില്‍ ആരംഭിക്കും. ദല്‍ഹിയിലെ ആസ്ഥാനത്തും അഞ്ച് സബ് സെന്ററുകളിലും കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുന്നതു വഴി വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
കേരളത്തിലെ കോട്ടയത്തുള്ള സെന്ററില്‍ മലയാളം ജേര്‍ണലിസം കോഴ്സ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മാധ്യമവിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ നിയോഗിക്കുമെന്നും സുരേഷ് പറഞ്ഞു.
രാജ്യത്തെ പ്രമുഖ ജേര്‍ണലിസം സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ കല്‍പ്പിത സര്‍വ്വകലാശാല പദവി ലഭിക്കുന്നതോടെ വലിയ മാറ്റങ്ങളാണ് ഐഐഎംസി അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ 21ന് ചേര്‍ന്ന ഐഐഎംസി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡീംഡ് സര്‍വ്വകലാശാല പദവി സംബന്ധിച്ച ശുപാര്‍ശ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. വെങ്കയ്യ നായിഡു മന്ത്രാലയ ചുമതല ഏറ്റെടുത്ത ഉടന്‍ തന്നെ ഡീംഡ് സര്‍വ്വകലാശാല പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി.
സുരേഷ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐഐഎംസിയില്‍ നിരവധിയായ മികച്ച പരിഷ്ക്കരണങ്ങളാണ് നടക്കുന്നത്. ദല്‍ഹിയിലെ ആസ്ഥാനത്തും കേരളത്തില്‍ കോട്ടയം അടക്കമുള്ള അഞ്ച് സബ്സെന്ററുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും പ്രാദേശിക ഭാഷകളില്‍ ജേര്‍ണലിസം കോഴ്സുകള്‍ ആരംഭിച്ചും സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും ഐഐഎംസി അധികൃതര്‍ ലക്ഷ്യമിടുന്നു.
ഇതിനു പുറമേ പൂനെയിലെ ഫിലിം-ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എഫ്ടിഐഐ), കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം-ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്ആര്‍എഫ്ടിഐ) എന്നീ സ്ഥാപനങ്ങളെ ഐഐഎംസിയില്‍ ലയിപ്പിക്കാനുള്ള പദ്ധതിയും കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ട്.
കല്‍പ്പിത സര്‍വ്വകലാശാലയായ ഐഐഎംസിക്ക് കീഴിലേക്ക് സഹോദര സ്ഥാപനങ്ങളായി ഇവ കൂടി വരുന്നതോടെ മാധ്യമ പഠന രംഗത്ത് മികച്ച നിലവാരമുണ്ടാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: