കാണാതായ വിശാഖ് രാധാകൃഷ്ണന്, രാജീവ്
കോഴഞ്ചേരി: ആറന്മുള വഴിപാട് വള്ളസദ്യയ്ക്കെത്തിയ പള്ളിയോടം മറിഞ്ഞ് രണ്ടുപേരെ പമ്പാനദിയില്‍ കാണാതായി. കീഴ്ച്ചേരിമേല്‍ പള്ളിയോടം മറിഞ്ഞാണ് തുഴച്ചില്‍ക്കാരായ ചെങ്ങന്നൂര്‍ മുട്ടത്ത് ചൈത്രം വീട്ടില്‍ വിശാഖ് രാധാകൃഷ്ണന്(വിഷ്ണു 24), തോണ്ടിയത്ത് രാജീവ്(36) എന്നിവരെ കാണാതായത്.
ഇന്നലെ രാവിലെ 11.45 ഓടെ ക്ഷേത്രക്കടവിനും സത്രക്കടവിനും ഇടയിലായിരുന്നു അപകടം. പടിഞ്ഞാറുനിന്നു തുഴഞ്ഞെത്തിയ പള്ളിയോടം ക്ഷേത്രക്കടവ് കടന്ന ശേഷം തിരികെ താഴോട്ട്പോയി ചവിട്ടിത്തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരുവശം ചരിഞ്ഞ പള്ളിയോടത്തിലേക്ക് വെള്ളംകയറി മുങ്ങുകയായിരുന്നു. ഇടതുവശത്തേക്ക് മറിഞ്ഞ പള്ളിയോടത്തിന്റെ കൂമ്പ് നദിയിലെ മണ്‍പുറ്റില്‍ ഉടക്കിയതിനാല്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ആളുകള്‍ പള്ളിയോടത്തില്‍ പിടിച്ച് കിടന്ന് രക്ഷപ്പെടുകയായിരുന്നു.
നദിയിലെ വെള്ളത്തിനു നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ നീന്തി കരയ്ക്കെത്തുന്നതും പ്രായോഗികമായിരുന്നില്ല. സത്രക്കടവിലുണ്ടായിരുന്ന ബോട്ടും. എന്ജിന് ഘടിപ്പിച്ച വള്ളവും പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഏറെനേരത്തെ ശ്രമഫലമായി നദിയില്‍ വീണവരെ കരയ്ക്കെത്തിച്ചു.
തുടര്‍ന്ന് കൂടെയുള്ളവരുടെ എണ്ണം പരിശോധിച്ചപ്പോഴാണ് രണ്ട്പേരെ കാണാനില്ലെന്ന സംശയം ഉയര്‍ന്നത്. ചെങ്ങന്നൂര്‍, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമനസേനയും മുങ്ങല്‍ വിദഗ്ധരും എത്തി തിരച്ചില്‍ നടത്തി. എന്നാല്‍ ഏറെ വൈകിയും ഇരുവരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. നദിയിലെ ചുഴികളും ഗതിമാറ്റവുമാണ് അപകടത്തിന് കാരണമെന്ന് പള്ളിയോടക്കരക്കാര്‍ പറഞ്ഞു.
ക്രിക്കറ്റ്താരം കരുണ്‍നായരുടെ വകയായാണ് വള്ളസദ്യവഴിപാട് നടത്തിയത്. പള്ളിയോടത്തിലുണ്ടായിരുന്ന കരുണ്‍നായരെ രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചു.
എംഎല്‍എമാരായ വീണാജോര്‍ജ്ജ്, കെ.കെ.രാമചന്ദ്രന്‍നായര്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, പോലീസ് ചീഫ് എസ്.ഹരിശങ്കര്‍ എന്നിവരും വിവിധ ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: