ആലപ്പുഴ: വകുപ്പ് മന്ത്രി ജി. സുധാകരൻ നിരന്തരം അധിക്ഷേപിക്കുന്നതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് ജീവനക്കാരും എഞ്ചിനീയർമാരും നിസ്സഹകരണത്തിൽ റോഡുകളിലെ കുഴിയടപ്പ് അവതാളത്തിലായി. മന്ത്രിക്കെതിരെ കരാറുകാരും രംഗത്ത്. ഉദ്യോഗസ്ഥരെയും കരാറുകാരെയും തട്ടിപ്പുകാരായി മുദ്രകുത്തുന്ന മന്ത്രി, സ്വന്തം പാർട്ടിക്കാർ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാർ നടത്തുന്ന തീവെട്ടിക്കൊള്ള കണ്ടില്ലെന്ന് നടിക്കുകയാമെന്നാണ് അവരുടെ വിമർശനം.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും മെല്ലപ്പോക്കു നയത്തിലൂടെ മന്ത്രിയ്ക്കെതിരെ പ്രതിഷേധിക്കുകയെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അധികാരമേറ്റെടുത്ത അന്നു മുതൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും അവഹേളിക്കുകയാണ്. മിന്നൽ സന്ദർശനം എന്നു പറഞ്ഞ് മാദ്ധ്യമങ്ങളെ അറിയിച്ച ശേഷം വർക്ക്സൈറ്റുകളിൽ എത്തുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന സംഭവങ്ങളും ഉണ്ടായി. ഇടതു അനുകൂലികളാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരിലേറെയും. അവരുൾപ്പെടെ ഇപ്പോൾ നിസ്സഹകരണത്തിലാണ്.
റോഡുകൾ മുഴുവൻ കുഴിയായിട്ടും നികത്താൻ പലവിധ കാരങ്ങൾ പറഞ്ഞ് അവർ നീട്ടിക്കൊണ്ടു പോകുകയാണ്. ഇതോടെ സർക്കാരിനും മന്ത്രിക്കുംമെതിരെ ജനരോഷം ശക്തമായിക്കഴിഞ്ഞു. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ അവഹേളിച്ച് സ്വന്തം ഇമേജ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രിക്ക് അതേ നാണയത്തിലൂടെ തിരിച്ചടി നൽകുകയാണ് അവർ. കരാർ ജോലികളിൽ അഴിമതിയാണെന്നു പറഞ്ഞു കരാറുകാരെ കുറ്റപ്പെടുത്തുന്ന ജി. സുധാകരൻ, സ്വന്തം പാർട്ടിക്കാർ കരാറുകാരിൽനിന്നു പിരിവെടുക്കുന്നത് അവസാനിപ്പിക്കുമോ എന്നു വ്യക്തമാക്കണമെന്നാണ് കരാറുകാരും പൊതുമരാമത്ത് ജീവനക്കാരും ചോദിക്കുന്നത്. രാഷ്ട്രീയ നേതാക്കളാണു മിക്കപ്പോഴും ഉദ്യോഗസ്ഥരെ ഉപയോഗിച്ചു കരാറുകാരിൽനിന്നു പണപ്പിരിവ് നടത്തുന്നത്.
കരാർ പണി ഏറ്റെടുമ്പോൾ മുതൽ പിരിവ് തുടങ്ങുകയാണ്. കൊടുത്തില്ലെങ്കിൽ പണിയിൽ അഴിമതി ആരോപിച്ചു വിജിലൻസിൽ പരാതിപ്പെടും. ഇതു മൂലം ബിൽ മാറിക്കിട്ടാൻ താമസം വരും. കൂടാതെ കരാറുകാർക്ക് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന മറ്റു പ്രവർത്തനങ്ങളും രാഷ്ട്രീയക്കാർ സ്വീകരിക്കും. ഭരണകക്ഷിയുടെ കറവപ്പശുവാണ് പൊതുമരാമത്ത് വകുപ്പ്. മന്ത്രിയുടെ പാർട്ടിക്കാർ കരാറുകാരെ പിഴിയുന്നത് അവസാനിപ്പിച്ചാൽ തന്നെ അഴിമതി വളരെ കുറയും. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് പൊതുമരാമത്ത് പ്രവർത്തികൾ അഴിമതിയിൽ മുങ്ങാൻ ഇടയാക്കുന്നത്. സുധാകരനാകട്ടെ പാർട്ടിക്കാരെ വെള്ളപൂശി പൊതുമരാമത്ത് ജിവനക്കാരെ മാത്രം മോശക്കാരാക്കി ചിത്രീകരിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. പണം വാങ്ങുന്നതു രാഷ്ട്രീയക്കാർ നിർത്തിയാൽ തന്നെ സർക്കാർ മരാമത്തു പണികളിലെ അഴിമതി കുറയുമെന്നും അവർ പറയുന്നു. മന്ത്രിയും ജീവനക്കാരും തമ്മിലുള്ള ചക്കളത്തിപോരാട്ടത്തിൽ വലയുന്നത് പൊതുജനമാണ്.
സംസ്ഥാനത്ത് യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്ന കുഴികൾ ഇല്ലാത്ത ഒരു റോഡു പോലും ഇല്ല. അനുദിനം കുഴികളുടെ വലിപ്പവും എണ്ണവും വർദ്ധിക്കുകയാണ്. മഴയെ പഴിച്ചും ഉദ്യോഗസ്ഥരെ വിമർശിച്ചും സമയം പാഴാക്കുകയാണ് മന്ത്രിയും പരിവാരങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: