ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതയില്‍ മുന്നോട്ടുപോകുമ്പോഴും 20 കോടി രൂപ നികുതി കുടിശികയിനത്തില്‍ അടയ്ക്കാനുള്ള ചിന്നക്കനാലിലെ ക്ലബ് മഹേന്ദ്ര റിസോര്‍ട്ടിന്റെ കേസ് സംസ്ഥാന സര്‍ക്കാര്‍ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇടുക്കി ജില്ലയിലെ വാണിജ്യനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം (രണ്ട്) ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ആഡംബര നികുതിയിനത്തില്‍ വന്‍ തിരിമറി കണ്ടെത്തിയത്. രണ്ട് വര്‍ഷത്തെ തട്ടിപ്പ് മാത്രം പരിശോധിച്ച അധികൃതര്‍ 20 കോടി രൂപ പിഴയടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു.
വാണിജ്യ നികുതി വകുപ്പുമായി സെറ്റില്‍മെന്റിന് തയ്യാറാകാതെ രാജ്യാന്തര തലത്തില്‍ റിസോര്‍ട്ടുകളുള്ള ക്ലബ് മഹേന്ദ്ര നേരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. കേസ് പലതവണ കോടതി പരിഗണിച്ചെങ്കിലും ഈ സമയത്ത് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് വാണിജ്യനികുതി വകുപ്പ് കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയെ കൃത്യമായി ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. കേസെടുത്തിട്ട് ഒരു വര്‍ഷം കഴിയുമ്പോഴും നഷ്ടം സര്‍ക്കാരിന് മാത്രമാണ്. മുന്നൂറോളം മുറികളാണ് ക്ലബ് മഹേന്ദ്രയില്‍ ഉളളത്. മുറികള്‍ നല്കുമ്പോള് ലഭിക്കുന്ന വാടകയില്‍ 12 ശതമാനം നികുതിയായി നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇവര്‍ അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെ ഓരോ വ്യക്തികളുടെ പക്കല്‍ നിന്നും വാങ്ങി ക്ലബില്‍ അംഗത്വം നല്‍കുകയാണ്.
ക്ലബില്‍ അംഗമായവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ക്ലബ് മഹേന്ദ്രയുടെ ഏത് ഹോട്ടലുകളിലും അഞ്ചും ആറും ദിവസം വാടകയില്ലാതെ താമസിക്കാനാകും. ഇങ്ങനെയുള്ള സംവിധാനമായതിനാല്‍ മുറികള്‍ വാടകയ്ക്ക് നല്കുന്ന രീതി ഈ റിസോര്ട്ടിലില്ല. സര്‍ക്കാരിലേക്ക് നല്‍കേണ്ട നികുതി വെട്ടിക്കാന്‍ കണ്ടെത്തിയ ഉപായമാണ് ക്ലബ് മെമ്പര്‍ഷിപ്പ് എന്ന വിദ്യ. വാണിജ്യ ഇന്റലിജന്‍സ് വിഭാഗം ഈ റിസോര്‍ട്ടില്‍ രണ്ട് വര്‍ഷം താമസിച്ചവരുടെ വിവരം ശേഖരിച്ച് നാല് മാസത്തോളം സമയമെടുത്താണ് കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ചിന്നക്കനാലിലെ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്താലും കുടിശിക തീരാത്ത സ്ഥിതിയുണ്ടാകും. ക്ലബ് മഹേന്ദ്രയുടെ എല്ലാ റിസോര്‍ട്ടുകളിലും കര്‍ശനവും സുതാര്യവുമായ പരിശോധന നടത്തിയാല്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിലേക്ക് വന്നു ചേരുന്നത്. ഇതിന് സര്‍ക്കാര്‍ സംവിധാനം ഫലപ്രദമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: