ഇടുക്കി: മൂന്നാഴ്ച്ച മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടിയ മാട്ടുപ്പെട്ടിക്ക് സമീപം കൊരണ്ടക്കാടുള്ള ആനസവാരി കേന്ദ്രം ഇന്നലെ രാവിലെ വീണ്ടും തുറന്നു. മണിക്കൂറുകള്‍ക്കകം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കേന്ദ്രം പൂട്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഏഴ് ആനകളുമായി സവാരി നടക്കുകയായിരുന്നു. നാല്‍പ്പതോളം സഞ്ചാരികളും ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. അനധികൃതമായാണ് ആനസവാരി കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചാരികളെ ബോധ്യപ്പെടുത്തി. ഇതോടെ സഞ്ചാരികള്‍ മാട്ടുപ്പെട്ടി ഭാഗത്തേക്കും മൂന്നാര്‍ ഭാഗത്തേക്കും പോയി.
സവാരി കേന്ദ്രത്തിന്റെ ചുമതലക്കാരനായ കോതമംഗലം സ്വദേശി റഷീദിനോട് കേന്ദ്രം പൂട്ടി ആനകളെ ഉടമകള്‍ക്ക് തിരികെയേല്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മൂന്നാര്‍ ഫ്ളൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ പി.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘത്തില്‍ മൂന്നാര്‍ റേഞ്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന അജയഘോഷും ഉണ്ടായിരുന്നു. ഒരാഴ്ച മുന്‍പ് മൂന്നാര്‍, മറയൂര്‍ പ്രദേശങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആനസവാരി കേന്ദ്രം വീണ്ടും തുറന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയില്ലാതെ ആനസവാരി കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാവില്ല. കുമളിയില്‍ ഇപ്പോഴും ആനസവാരി നടക്കുന്നുണ്ട്. അവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് സവാരി കേന്ദ്രം നടക്കുന്നത്. ജില്ല ഭരണകൂടം ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: