തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര് ത്ഥിയും ക്രിക്കറ്ററുമായ എസ്.ശ്രീശാന്ത് പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം കളക്ട്രേറ്റില്‍ വരണാധികാരി ആര്‍ഡിഒ നാരായണന്‍കുട്ടി മുമ്പാകെയാണ് ശ്രീശാന്ത് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, പി.അശോക്കുമാര്, മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്, സെക്രട്ടറി മുരളികുമാര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ അഡ്വ. ഡാനിപോള്‍, ബിഡിജെഎസ് മണ്ഡലം അധ്യക്ഷന്‍ വെട്ടുകാട് അശോകന്, ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍, ഭാര്യാ പിതാവ് ഹരീന്ദ്രസിങ് ഷെഖാവത്ത്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് അഡ്വ.പി. മനോഹരന് എന്നിവര്‍ക്കൊപ്പമെത്തിയാണ് ശ്രീശാന്ത് പത്രിക സമര്‍പ്പിച്ചത്.
രാവിലെ കണ്ണമ്മൂല ചട്ടമ്പി സ്വാമി സ്മൃതി മന്ദിരത്തിലും പേട്ട ശ്രീനാരായണഗുരു മന്ദിരത്തിലും പത്രാധിപര്‍ കെ.സുകുമാരന്‍ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശ്രീശാന്ത് പഴവങ്ങാടി ഗണപതിക്ഷേത്രദര്ശനം നടത്തി. തുടര്‍ന്ന് കിഴക്കേക്കോട്ടയിലെ ഗാന്ധിപ്രതിമയിലും പട്ടംതാണുപിള്ള സ്മാരകത്തിലും മുന്മേയര് ജി.കുട്ടപ്പന് സ്മാരകത്തിലും വെള്ളയമ്പലം അയ്യന്‍കാളി പ്രതിമയിലും ഹാരാര്‍പ്പണം നടത്തി.
കോട്ടയ്ക്കകം വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ശ്രീവരാഹം ലക്ഷ്മി വരാഹമൂര്‍ത്തി ക്ഷേത്രദര്‍ശനം നടത്തി ഗരുഡന് പ്രതിമയില്‍ പുഷ്പഹാരം സമര്‍പ്പിച്ചശേഷമാണ് പത്രിക സമര്‍പ്പണത്തിനായി പുറപ്പെട്ടത്. ശ്രീവരാഹത്തുനിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന വാഹനറാലിയോടെയാണ് ശ്രീശാന്ത് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കൗണ്‍സിലര്‍മാരായ സിമിജ്യോതിഷ്, സുരേഷ്, ചിഞ്ചു ടീച്ചര്‍, ബിജെപി-ബിഡിജെഎസ് ഭാരവാഹികളും സംഘടനാനേതാക്കളുമായ കെ.രാജശേഖരന്, ജെ.പത്മകുമാര്‍, പൂന്തുറ ശ്രീകുമാര്‍, വലിയശാല പ്രവീണ്‍, മണക്കാട് സുനില്‍, ശംഖുമുഖം രാധാകൃഷ്ണന്, ആറന്നൂര്‍ ഉദയന്‍, രാധാകൃഷ്ണന്, കെ.വി.അനില്‍കുമാര്‍എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
തനിക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പത്രികാ സമര്‍പ്പണത്തിനുശേഷം ശ്രീശാന്ത് പറഞ്ഞു. രണ്ട് ലോകകപ്പ് കളിച്ച തന്നോട് ഡല്‍ഹിയിലെ സെല്ലിലും തീഹാര്‍ ജയിലിലും ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറിയത്. മറ്റാര്‍ക്കും ഈ അനുഭവമുണ്ടാകരുത്. താന്‍ ജയിലിലായപ്പോള്‍ പരസ്യമായി സഹായം വാഗ്ദാനം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. അവസരം കിട്ടിയപ്പോഴെല്ലാം താന്‍ രാജ്യത്തെ ആത്മാര്‍ത്ഥമായി സേവിച്ചിരുന്നു. മലയാളിയായതുകൊണ്ടുമാത്രമാണ് താന്‍ ഇത്രയും പീഡിപ്പിക്കപ്പെട്ടത്. ഇനി മറ്റൊരു മലയാളിക്കും ഈ അവസ്ഥ വരരുത്. തിരുവനന്തപുരത്തെ തീരദേശമേഖലയില്‍ സഞ്ജു സാംസനെ പോലെ നിരവധി പ്രതിഭകളുണ്ട്.
അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അന്താരാഷ്ട്രനിലവാരമുള്ള കായികകേന്ദ്രങ്ങള്‍ ഉണ്ടാവണമെന്നും ശ്രീശാന്ത് പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ രാജിപ്രസാദും ഇന്നലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഉപവരണാധികാരി ബിഡിഒ അബ്ദുള്‍ സലാം മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, മണ്ഡലം ജനറല്‍ സെക്രട്ടറി മണമ്പൂര്‍ ദിലീപ്, ബിഡിജെഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി സി.അജയന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് വി.സി.അഖിലേഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: