ആലപ്പുഴ: സിപിഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന് പൊതുവേദിയില്‍ ആക്ഷേപിച്ചിറക്കി വിടുകയും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത വനിതാ നേതാവ് ഉഷാസാലിയുടെ ഭര്‍ത്താവ് എ.എം. സാലിയെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ മുന്‍ തോട്ടപ്പള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറി കൂടിയായ സാലിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സാലിയെ പോലീസ് എത്തി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ പുറത്താക്കിയതിന് പിന്നാലെ ജി. സുധാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സാലിയേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ലോക്കല്‍ കമ്മറ്റി അംഗമായ തന്നെ പുറത്താക്കുന്നതിന് പാര്‍ട്ടി ഭരണഘടനാ പ്രകാരമുളള നടപടി സ്വീകരിച്ചില്ലെന്നും ഈ നടപടി പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മരണം വരെ നിരാഹാരം എന്ന നിലയില്‍ സാലി സമരത്തിനെത്തിയത്. വീട്ടില്‍ നിന്നും ചുവന്ന കൊടിയുമായി ഒറ്റയ്ക്ക് ദേശീയപാതയിലൂടെ നടന്നുവന്ന സാലിയെ പാര്‍ട്ടി ഓഫീസിന് സമീപം തടയുകയും കൊടി പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. എതിര്‍ക്കാന്‍ നിന്ന സാലിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സമരത്തെക്കുറിച്ച് നേരത്തെ തന്നെ അറിഞ്ഞതിനാല്‍ വന്‍ പോലീസ് സന്നാഹം പാര്‍ട്ടി ഓഫീസിന് സമീപം എത്തിയതിനാലാണ് സാലിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞത്.
പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലയളവില്‍ ചെലവഴിച്ച 50,000 രൂപ മടക്കിത്തരണമെന്നും ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന തന്നെ പുറത്താക്കിയത് പത്രമാധ്യമങ്ങളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നുമാണ് അറിഞ്ഞതെന്നും കാണിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയ്ക്ക് നല്കിയ കത്തില്‍ മറുപടിയില്ലാതിരുന്നതിന്റെ പേരിലാണ് ഇന്നലെ മുതല്‍ സമരം നടത്തുമെന്ന് സാലി അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി ഓഫീസിന് മുന്നിലെ സമരം പാര്‍ട്ടിയ്ക്കും പ്രത്യേകിച്ച് ഇവിടെ മത്സരിക്കുന്ന ജി. സുധാകരനും ദോഷം ചെയ്യുമെന്ന് കണ്ട് കഴിഞ്ഞ രാത്രിയില്‍ തന്നെ സമരം പൊളിക്കുന്നതിനുളള നീക്കം സിപിഎം സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവുമായി ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി പി. ജയരാജന് പ്രചരണത്തിനെത്തിയ ദിവസം തന്നെയാണ് സിപിഎമ്മിന്റെ മറ്റൊരു ക്രൂരമുഖം കൂടി വെളിവായത്.
ജി. സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലിയെ കഴിഞ്ഞ ഫെബ്രുവരി 28നാണ് പൊതുവേദിയില്‍ ആക്ഷേപിച്ച് ഇറക്കി വിട്ടത്. ഇതിനെതിരെ ജി. സുധാകരനെതിരെ ഉഷ പുന്നപ്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴയുകയാണ്. ഒരു കാലത്ത് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ദമ്പതികളെ സിപിഎമ്മും നേതൃത്വവും ക്രൂരമായി വേട്ടയാടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: