ഈ കത്തെഴുതുന്നത് 93 വയസ്സുള്ള ഒരു മുന്‍ സൈനികനാണ്. ബ്രിട്ടീഷ് വാഴ്ച കാലത്തും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ഭാരത സേനയില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് മലയ, ബര്‍മ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും സൈനിക സേവനം നടത്തി. എന്നാല്‍ വ്യക്തിപരമായ പ്രശ്നം മൂലം പതിമൂന്നര വര്‍ഷത്തെ സേവനത്തിനുശേഷം സൈനിക വൃത്തി വിടേണ്ടിവന്നു.
15 കൊല്ലത്തെ സര്‍വീസ് ഇല്ലാത്തതിനാല്‍ പെന്‍ഷനും അര്‍ഹതയില്ലാതായി.
രണ്ടാംലോക യുദ്ധ സേനാനികള്‍ക്കായി കേരള സര്‍ക്കാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖേന 1500 രൂപ പ്രതിമാസ സാമ്പത്തിക സഹായമായി നല്‍കിയിരുന്നു. 2015 നവംബര്‍ മുതല്‍ തുക 4000 ആയി വര്‍ധിപ്പിച്ചതു വലിയ ആശ്വാസമായി. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ തുക ലഭിച്ചെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളായി അത് ലഭിക്കുന്നില്ല.
ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഫണ്ട് ഇല്ലാത്തതിനാലാണ് തുക അയയ്ക്കാത്തതെന്നു പറയുന്നു. ലോക യുദ്ധത്തില്‍ പങ്കെടുത്തവരില്‍ വളരെ കുറച്ചുപേരെ കേരളത്തില്‍ ജീവിച്ചിരിപ്പുള്ളൂ. മാത്രമല്ല അവരുടെ സംഖ്യ അനുദിനം ചുരുങ്ങുകയുമാണ്. ജീവിത സായാഹ്നത്തില്‍ ലഭിച്ചികൊണ്ടിരുന്ന സഹായം നിലച്ചു. ഇവ കുടിശികയായി കിട്ടുമായിരിക്കാം.
അതു വാങ്ങാന്‍ ആരൊക്കെ എത്രകാലം ജീവിച്ചിരിക്കും? ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ വയോവൃദ്ധരുടെ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വിനയപൂര്‍വം അപേക്ഷിക്കുന്നു.
ജി. പ്രഭാകരന് പിള്ള, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: