ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളെജില്‍ വീണ്ടും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയമായി. എറണാകുളം എടവനകാട് കൂട്ടുങ്ങല്‍ചിറ, നേതാജി നഗരില്‍ രായംമരയ്ക്കാര്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബഷീറി (45) ന്റെ ഹൃദയം മാറ്റിവച്ച് ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധന് ഡോ. ടി.കെ. ജയകുമാറും സംഘവുമാണ് അത്യപൂര്‍വ്വ നേട്ടം നാടിന് സമ്മാനിച്ചത്.
ഹൃദയം സാധാരണയില്‍ കവിഞ്ഞ് വലിപ്പം വയ്ക്കുന്ന രോഗമായിരുന്നു ബഷീറിന്റേത്. 22 വര്‍ഷം മുമ്പ് തുടങ്ങിയ രോഗം മൂലം ശ്വാസതടസ്സത്താല്‍ നിവര്‍ന്നു നില്ക്കാന്പോലും ബഷീറിനാകുമായിരുന്നില്ല.
എങ്കിലും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തെ കൂലിപ്പണിയെടുത്താണ് പോറ്റിയിരുന്നത്. 2009 മുതല്‍ വിവിധ ആശുപത്രികളില്‍ മാറിമാറി ചികിത്സിച്ചെങ്കിലും നാലുമാസം മുമ്പാണ് ഡോ. ജയകുമാറിനെ സമീപിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു മാര്‍ഗ്ഗം. അപകടത്തില്‍പെട്ട് മരണമടഞ്ഞ രോഗിയുടെ ഹൃദയം ലഭിക്കുമെന്നുറപ്പായതോടെ ഇന്നലെ രാവിലെ തന്നെ ബഷീറിന്റെ ഹൃദയമാറ്റത്തിന് തുടക്കമായി. 46 മിനിട്ടിനുള്ളില്‍ ബഷീറിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ഭാരതത്തിലെ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിജയകരമായ രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. ആദ്യത്തേതും കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു. ഡോ. ജയകുമാറിനെ കൂടാതെ രതീഷ്, വിനീത, ജോഷ്വ, കുനാല്‍ കൃഷ്ണന്, അനസ്തീഷ്യവിഭാഗത്തിലെ എല്‍സമ്മ, സജീവ് തമ്പി, രേണു, തൊറാസിക് വിഭാഗത്തിലെ ആകാശ്ബാബു, രാജേഷ്, സജി ബാഹുലേയന്, എമില്‍ ജോയി തുടങ്ങിയ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ അംഗങ്ങളും, നഴ്സുമാരും ഈ സംഘത്തിലുണ്ടായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഹൃദയമെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ റോയി, കോര്‍ഡിനേറ്റര്‍ ജിമ്മി എന്നിവരും കേരള പോലീസ് ഉദ്യോഗസ്ഥരും സഹായിച്ചു. ബഷീറിനെ സാമ്പത്തികമായി സഹായിക്കാനാഗ്രഹിക്കുന്നവര്‍ 9496418616 നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: