കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനുമെതിരെ ഉമ്മന്‍ചാണ്ടി. കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടി കേരള സഭയില്‍ പങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ വിഎസ് ഉന്നയിച്ച ആരോപണങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതകേരളം പദ്ധതി നടത്തിപ്പില്‍ വീഴ്ച പറ്റിയതായി മുഖ്യമന്ത്രി സമ്മതിച്ചു. പദ്ധതിവഴി വിതരണം ചെയ്ത ഭൂമിയില്‍ മിക്കവാറും പേര്‍ക്ക് കിട്ടിയത് വാസയോഗ്യമല്ലാത്തതിനാല്‍ പലരും താമസമാക്കിയിട്ടില്ല.
ഭരണത്തിനെതിരെ പ്രതിപക്ഷത്തിന് ഒന്നും പറയാനില്ല. ഏക ആയുധം വ്യാജ ആരോപണങ്ങളാണ്.
ആരോപണങ്ങള്‍ തെളിയിക്കുന്ന ഒരു ചെറിയ കടലാസ് പോലും കാണിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. മന്ത്രിമാര്‍ക്കെതിരെ 136 കേസുകളും തനിക്കെതിരെ 31 കേസുകളുമുണ്ടെന്നാണ് വി.എസ് പറയുന്നത്. എന്നാല്‍ ഒരു എഫ്ഐആര്‍ എങ്കിലും വേണ്ടേ. ആകെ കെ.എം. മാണിയുടെ പേരില്‍ മാത്രമാണ് ഇക്കാലയളവില്‍ ഒരു എഫ്ഐആര്‍ ഉണ്ടായത്. കുറേ കാര്യം പറയുകയും പത്ത് വട്ടം ആവര്‍ത്തിക്കുകയുമാണ് വി.എസ്. ചെയ്യുന്നത്.
തെരഞ്ഞെടുപ്പില്‍ തന്നെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്. മറ്റ് 139 സ്ഥാനാര്‍ത്ഥികളെയും ഇത് ബാധിക്കും. സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചാല്‍ ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വി.എസ് ഉന്നയിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഔദ്യോഗിക രേഖകളാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാമോലിന്‍ കേസില്‍ സംസ്ഥാനത്തിന് ലാഭമാണുണ്ടായത്.
ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കിയാണ് പിണറായി വിജയന് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്. തൊണ്ടവേദന ആയതുകൊണ്ടാകും പിണറായി മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാതിരിക്കുന്നത്. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന കാന്തപരം എ.പി. വിഭാഗത്തിന്റെ ആഹ്വാനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഷംസുദ്ദീന് നല്ല എംഎല്‍എ ആണെന്നും യുഡിഎഫ് അവിടെ ഒറ്റെക്കട്ടാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
പലിശ സഹിതം കൊടുക്കുകയല്ല പലിശ ഇളവ് ചെയ്തു കൊടുക്കുകയാണ് തങ്ങളുടെ നയമെന്ന്, കിട്ടിയത് പലിശ സഹിതം തിരിച്ചുകൊടുക്കമെന്നെ പി. ജയരാജന്റെ വാക്കുകള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: