കോട്ടയം: ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ (22) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ 11ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അമ്പിളിയെ പരിശോധിച്ചെങ്കിലും മരുന്നുകളോടൊന്നും പ്രതികരിക്കുന്ന സ്ഥിതിയിലായിരുന്നില്ല. കഴിഞ്ഞ ദിവസം രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയെ തുടര്‍ന്നാണ് അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
10 മാസങ്ങള്‍ക്ക് മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്ന അമ്പിളിയുടെ ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവച്ചത്. ശസ്ത്രക്രിയക്കു ശേഷം ഒരിക്കല്‍ അണുബാധയുണ്ടായെങ്കിലും വീര്യംകൂടിയതും ചിലവേറിയതുമായ മരുന്നുപയോഗിച്ച് അണുബാധ കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി കാഞ്ഞിരപ്പള്ളിയിലെ വസതിയിലായിരുന്നു അമ്പിളി. ഇതിനിടെ ശക്തമായ പനിയെയും ശ്വാസതടസവും ഉണ്ടായതാണ് അണുബാധയേല്‍ക്കാന്‍ കാരണമായത്.
തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ വീട്ടില്‍ ബഷീറിന്റെയും ഷൈലയുടെയും മകളായ അമ്പിളി കോട്ടയം സിഎംഎസ് കോളജിലെ അവസാന വര്‍ഷ എംകോം വിദ്യാര്‍ഥിനിയാണ് അമ്പിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: