ഇടുക്കി: സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് അതിവേഗം താഴുന്നു. വേനല്‍ കടുത്തതോടെയാണ് ഡാമുകളിലെ ജലനിരപ്പ് കുത്തനെ താഴുന്നത്. ഇതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് വിവരം. കഴിഞ്ഞദിവസം എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് വൈദ്യുതി ഉപയോഗം 78.51 ദശലക്ഷം യൂണിറ്റില്‍ എത്തിയിരുന്നു.
കെഎസ്ഇബിയുടെ ചരിത്രത്തിലെ തന്നെ സര്‍വ്വകാല റെക്കോര്‍ഡാണിത്.
കേരളത്തില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ബാക്കി 75 ശതമാനം വൈദ്യുതി വന്‍ വിലകൊടുത്ത് പുറത്തുനിന്നും വാങ്ങുന്നതാണ്. ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 2326.72 അടിയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 22.32 അടി കുറവാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2349.040 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 27.746 ശതമാനമാണ് ഡാമിലുള്ളത്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനത്തിലധികവും ലഭിക്കുന്നത് ഇടുക്കി അണക്കെട്ടില്‍ നിന്നുമാണ്. 595.9888 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ ഡാമിലുണ്ട്.
ഇന്നലെ 76.9845 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ആവശ്യമായി വന്നപ്പോള്‍ കേരളത്തില്‍ ഉല്പാദിപ്പിച്ചത് 19.8884 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ്. ബാക്കി 57.0961 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമേ നിന്നും വാങ്ങിയതാണ്. ഇതില്‍ ഇടുക്കിയുടെ സംഭാവന 7.923 ദശലക്ഷം യൂണിറ്റാണ്. ഒരു ഡസനിലധികം ഡാമുകളുള്ള ജില്ലയില്‍ ഇത്തരമൊരു വരള്‍ച്ച അടുത്ത നാളില്‍ ഇത് ആദ്യമാണ്. ആനയിറങ്കല്‍, ചെറുതോണി, ഇടമലയാര്‍, പൊന്മുടി, കല്ലാര്‍കുട്ടി, കുളമാവ്, കുണ്ടറ, പാമ്പഌ മാട്ടുപ്പെട്ടി, മലങ്കര, ചെങ്കുളം എന്നിവയാണ് ഇടുക്കിയിലെ പ്രധാന അണക്കെട്ടുകള്‍.
ഇതില്‍ എല്ലാ ഡാമുകളിലെയും തന്നെ ജലനിരപ്പ് അതിവേഗം താഴ്ന്നുകൊണ്ടിരിക്കുകയാണ്. വേനല്‍ മഴ കുറഞ്ഞതും ചൂട് കുത്തനെ ഉയര്‍ന്നതുമാണ് ഡാമുകളില്‍ വെള്ളം കുറയാന്‍ കാരണമാവുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ചെങ്കിലും ഇടുക്കി അണക്കെട്ട് ഉള്‍പ്പെടുന്ന പദ്ധതി പ്രദേശത്ത് ദിവസങ്ങളായി മഴ ലഭിച്ചിട്ടില്ല. വൈദ്യുതി നിയന്ത്രണം എന്ന ആവശ്യവുമായി ബോര്‍ഡ് രംഗത്ത് വരുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഈ ആവശ്യം തല്‍ക്കാലത്തേക്ക് മൂടി വയ്ക്കപ്പെടുകയാണ്. വേനല്‍ ചൂടിനൊപ്പം ജില്ല വെന്തുരുകുയാണ്. ഇന്നലെ അനുഭവപ്പെട്ട ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്.
ഡാമുകളിലെ വെള്ളം കുറഞ്ഞതോടെ ഹൈറേഞ്ച് മേഖലകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. വരും നാളുകളില്‍ മഴകൂടി ചതിച്ചാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കെഎസ്ഇബി അധികൃതര്‍ തന്നെ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: