പത്തനംതിട്ട: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസുമായുള്ള ബാന്ധവത്തിന്റെ ജാള്യത മറയ്ക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആര്‍എസ്എസിനുമേല്‍ കുതിരകയറുന്നു. ഇതിന്റെ ഭാഗമായാണ് ആര്‍എസ്എസിന് ഉമ്മന്‍ചാണ്ടി സഹായം വാദ്ഗാനം ചെയ്തെന്ന പ്രചാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇടതു വലതു മുന്നണികളുടെ ദുര്‍ഭരണത്തിനെതിരേ ഉയരുന്ന ജനരോഷം എന്‍ഡിഎയ്ക്ക് കരുത്തു പകരുന്നു എന്ന തിരിച്ചറിവിലാണ് ഇല്ലാത്ത ബന്ധത്തിന്റെ പേരില്‍ ആര്‍എസ്എസിനേയും ബിജെപിയേയും സിപിഎം പഴിക്കുന്നത്.
കേരളത്തില്‍ പരസ്പ്പരം കടിച്ചു കീറുന്നവര്‍ ബംഗാളില്‍ തോളില്‍ കൈയിട്ട് സൗഹൃദം പ്രകടിപ്പിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ബംഗാള്‍ ബന്ധത്തെ ന്യായീകരിക്കാന്‍ കഴിയാതെ നേതൃത്വം വലയുന്നു. സിപിഎം അനുഭാവികളുടേയും നിഷ്പക്ഷമതികളായ വോട്ടര്‍മാരുടേയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് പകരം ആര്‍എസ്എസിനെ അവഹേളിച്ച് രക്ഷപെടാനുള്ള സിപിഎം നേതാക്കളുടെ തന്ത്രമാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മത ന്യൂനപക്ഷങ്ങളില്‍ ആശങ്കപരത്തി മുന്‍കാലങ്ങളിലെപ്പോലെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാതെ വരുന്നതും സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.
എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുന്ന മണ്ഡലങ്ങളില്‍ കേരളത്തിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മത്സരം നടത്തുന്നത് മറച്ചു പിടിക്കാനും ഇത്തരം പ്രചരണത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നതായും പറയപ്പെടുന്നു.
സിപിഎമ്മിനുള്ളിലെ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് ആര്‍എസ്എസിനും ബിജെപിക്കുമെതിരേ കെട്ടുകഥകളുമായി സിപിഎം നേതൃത്വം രംഗത്ത് എത്തിയിട്ടുള്ളത്. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം മറ്റ് വിഷയങ്ങള്‍ ചര്‍ച്ചകള്‍ക്കായി ഇട്ടുകൊടുക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ഗൂഢതന്ത്രവും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് നിഷ്പക്ഷരായ വോട്ടര്‍മാര്‍ പറയുന്നു.
ആര്‍എസ്എസിനെതിരേ എന്തുകിട്ടിയാലും വലിയ വാര്‍ത്തയാക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ ആഘോഷമാക്കി മാറ്റുമെന്നും സിപിഎം കരുതുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളുമായി സിപിഎം ഉന്നത നേതാക്കള്‍ തന്നെ രംഗത്ത് എത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: