കോട്ടയം: 1964-ല്‍ തിരുനക്കര മൈതാനിയില്‍ യശശരീരനായ കെ.എം. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ രൂപം കൊണ്ട പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ഇന്ന് കേരളത്തില്‍ എത്ര കേരള കോണ്‍ഗ്രസുകള്‍ ഉണ്ടെന്ന് ആര്‍ക്കുമറിയില്ല. സ്ഥാപകനേതാവ് കെ.എം. ജോര്‍ജ്ജിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസാണ് ഒടുവില്‍ രൂപം കൊണ്ടത്.
കേരള കോണ്‍ഗ്രസ് ജന്മംകൊണ്ട കോട്ടയം ജില്ലയില്‍ കോട്ടകെട്ടാന്‍ അഞ്ച് കേരളാ കോണ്‍ഗ്രസുകളാണ് രംഗത്തുള്ളത്. കെ.എം. മാണി നേതൃത്വംനല്കുന്ന കേരളകോണ്‍ഗ്രസ് (എം) ജില്ലയില്‍ ആറിടത്താണ് മത്സരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പാര്‍ട്ടി രണ്ട് മണ്ഡലങ്ങളിലും, പി.സി. തോമസിന്റെയും സ്കറിയ തോമസിന്റെയും പി.സി. ജോര്‍ജ്ജിന്റെയും കേരളാ കോണ്‍ഗ്രസുകള്‍ ഓരോ മണ്ഡലത്തിലും മത്സരിക്കുന്നു. പേര് ഉപയോഗിക്കാന്‍ അര്‍ഹതയുള്ളത് പി.സി. തോമസിന്റെ പാര്‍ട്ടിക്ക് മാത്രമാണ്.
പി.സി. തോമസ് നേതൃത്വം നല്കുന്ന കേരളാകോണ്‍ഗ്രസ് എന്‍ഡിഎയുടെ ഭാഗമായി കടുത്തുരുത്തിയിലാണ് മത്സരരംഗത്തുള്ളത്. മൂന്ന് മുന്നണികളിലായി മൂന്ന് കേരളാകോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടുന്ന ഇവിടെ അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. യുഡിഎഫില്‍ നിന്നും കേരളാകോണ്‍ഗ്രസ് (എം)ലെ മോന്‍സ്ജോസഫും, എല്‍ഡിഎഫില്‍ നിന്നും സ്കറിയ തോമസും മത്സരരംഗത്തുണ്ട്.
കേരള കോണ്‍ഗ്രസുകളുടെ കൗതുകകരമായ മത്സരം നടക്കുന്ന മറ്റൊരുമണ്ഡലം പൂഞ്ഞാറാണ്. ഇടതുമുന്നണി സ്വപ്നം കണ്ട് യുഡിഎഫ് വിട്ടിറങ്ങി വഴിയാധാരമായ സിറ്റിംഗ് എംഎല്‍എ പി.സി. ജോര്‍ജ്ജാണ് ഒരു സ്ഥാനാര്‍ത്ഥി. കേരളാകോണ്‍ഗ്രസ് സെക്യുലര്‍ എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. താനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെന്നാണ് ജോര്‍ജ്ജ് അവകാശപ്പെടുന്നത്. കേരള കോണ്‍ഗ്രസ് (എം)ലെ ജോര്‍ജ്ജുകുട്ടി ആഗസ്തി, ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ പി.സി. ജോസഫ് എന്നിവരാണ് മറ്റ് കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
ചങ്ങനാശ്ശേരിയില്‍ കേരളാ കോണ്‍ഗ്രസ് (എം)ലെ സി.എഫ്. തോമസും, ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫും മത്സരരംഗത്തുണ്ട്. ഇതുകൂടാതെ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി മണ്ഡലങ്ങളില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ വിമത സ്ഥാനാര്‍ത്ഥികളായും രംഗത്തുണ്ട്. ഏറ്റുമാനൂരില്‍ മുന്‍ ജില്ലാപഞ്ചായത്ത് മെമ്പറും കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോസ്മോന് മുണ്ടയ്ക്കലാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്.
ഫെയ്സ്ബുക്കിലൂടെ സ്ഥാനാര്‍ത്ഥിത്വത്തിന് അവകാശവാദമുന്നയിച്ച ജോബ്മൈക്കിള്‍ ചങ്ങനാശ്ശേരിയില്‍ ചുവരെഴുത്തുകളും നടത്തിയിട്ടുണ്ട്. പൂഞ്ഞാറില്‍ വിമതനായി മത്സരിക്കുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച യൂത്ത്ഫ്രണ്ട് (എം) ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പന് പിന്നീട് പ്രത്യക്ഷപ്പെട്ടത് യൂത്ത്ഫ്രണ്ട് (എം)ന്റെ സംസ്ഥാന പ്രസിഡന്റായിട്ടാണ്. ഏറ്റുമാനൂരിലേയും ചങ്ങനാശ്ശേരിയിലേയും വിമതര്‍ക്കായി മാണിസാര്‍ പുതിയ പാര്‍ട്ടിപദവികള്‍ സൃഷ്ടിക്കുമോ അതോ പുതിയ ഒരു കേരളാകോണ്ഗ്രസ്കൂടി രൂപംകൊള്ളുമോ എന്ന കാത്തിരിപ്പിലാണ് കോട്ടയത്തുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: