വ്യക്തമാകുന്നത് കമ്മ്യൂണിസ്റ്റുകളുടെ ഇരട്ട മുഖം
കാസര്‍കോട്: സംസ്ഥാനത്തെ ആദ്യനിയമസഭയിലേക്ക് എംഎല്‍എയായി നീലേശ്വരം ദ്വയാംഗ മണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ കല്ലളന് വൈദ്യരുടെ കുടുംബം നിത്യദുരിതത്തില്‍. കാലപ്പഴക്കം ചെന്നും ചിതലരിച്ചും ഇടിഞ്ഞു വീഴാറായ വീട്, വേനല്‍ക്കാലമായാല്‍ കുടിവെള്ളം പോലുമില്ലാത്ത സ്ഥിതി. കല്ലളന് വൈദ്യരുടെ മൂത്ത മകന് തൊണ്ണൂറ്റിയെട്ടുകാരനായ ബോളന്, തങ്ങള്‍ അനുഭവിക്കുന്ന പരാധീനതകളുടെ ഭാണ്ഡക്കെട്ട് അഴിക്കുമ്പോള്‍ ആരും സങ്കടപ്പെട്ടുപോകും.
ആദ്യനിയമസഭയിലെ സിപിഐ എംഎല്‍എയായിരുന്ന കല്ലളന് വൈദ്യരുടെ കുടുംബത്തിന് എന്തേ ഇത്തരമൊരു ദുരിതമെന്നു ചോദിച്ചാല്‍, അതിനുത്തരം വൈദ്യര് വലതുപക്ഷക്കാരനായിരുന്നുവെന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചില നേതാക്കളുടെ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ വൈദ്യരുടെ ദുരിതം പാര്‍ട്ടി കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന് പഴയ തലമുറയിലുള്ളവര്‍ പറയുന്നു.
1957ലെ തെരഞ്ഞെടുപ്പില്‍ ഇഎംഎസിനേക്കാളും നാല്പ്പതിനായിരത്തില്പരം വോട്ടുകള്‍ അധികം നേടിയാണ് കല്ലളന് വൈദ്യര് നിയമസഭയിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ താത്വികാചാര്യനെന്ന് അവര്‍ വാഴ്ത്തുന്ന ഇഎംഎസിനെക്കാളും ജനസമ്മതനായ മറ്റൊരു കമ്മ്യൂണിസ്റ്റുകാരന് ഉണ്ടാകുകയെന്നത് അണികള്‍ക്ക് മാത്രമല്ല അന്നത്തെ നേതാക്കള്‍ക്ക് തന്നെ അത്ര ദഹിക്കുന്ന കാര്യമായിരുന്നില്ല. പാര്‍ട്ടിയിലെ തിരുത്തല്‍ വാദിയായതിനാല്‍ വെറും എംഎല്‍എയായി മാത്രം വൈദ്യരെ ഒതുക്കിത്തീര്‍ക്കുന്നതില്‍ അന്നത്തെ നേതാക്കള്‍ക്ക് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പില്ക്കാല ജീവിതം.
കുടുംബം ദുരിതത്തിലാണെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ 15 ലക്ഷം രൂപ ചെലവില്‍ കല്ലളന് വൈദ്യര് നാട്ടറിവു പഠനകേന്ദ്രം എന്ന പേരില്‍ പാര്‍ട്ടി സ്മാരകം പണിതു. വീട് തകര്‍ന്നു വീഴാറായപ്പോള്‍ വൈദ്യരുടെ കുടുംബ സ്ഥലത്ത് സ്മാരക മന്ദിരം പണിതാണ് സ്വന്തം പാര്ട്ടിക്കാര് ‘സ്നേഹം’ കാണിച്ചത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പാര്‍ട്ടി പരിപാടികള്‍ക്കായി കൊടിമരവും, ദീപശിഖയും കൊണ്ടുപോകാനുള്ള ഒരിടം മാത്രമായി ഇന്ന് ഈ സ്മാരകം മാറി. കല്ലളന് വൈദ്യരുടെ മൂത്ത മകന് ബോളനും അദ്ദേഹത്തിന്റെ മകനും ഭാര്യയും രണ്ടു കുട്ടികളുമാണ് മടിക്കൈ കുണ്ടേനയിലെ ഈ വീട്ടില്‍ താമസം. ഇടതുപക്ഷം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തും ഇവരോട് മുഖം തിരിക്കുകയാണ്.
മടിക്കൈ, പഞ്ചായത്തിലെ കുണ്ടേന എസ്.സി കോളനിയില്‍ 40 കുടുംബങ്ങളാണുള്ളത്. വൈദ്യരുടെ വീട്ടുപരിസരത്തു മാത്രം 16 കുടുംബങ്ങളുണ്ട്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നായ കുടിവെള്ളമെത്തിക്കാനുള്ള ശ്രമം പോലും ഇത് വരെ ഭരണകര്‍ത്താക്കളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: