കണ്ണൂർ: കണ്ണൂർ ജില്ലയിലെ യുഡിഎഫ് സിറ്റിങ് സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ്സ് വിമതരുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ സംരക്ഷണ സമിതി തീരുമാനം. വിമതനേതാക്കളുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് കണ്ണൂരിലെത്തി ചർച്ച നടത്തിയിരുന്നെങ്കിലും അതെല്ലാം തള്ളിക്കൊണ്ടാണ് സ്ഥാനാർത്ഥികളെ നിർത്തിയത്. പേരാവൂർ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് വിമതർ പ്രചാരണത്തിൽ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
കണ്ണൂർ, അഴീക്കോട് നിയോജക മണ്ഡലങ്ങളിൽ അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഐക്യജനാധിപത്യ സംരക്ഷണ സമിതി നേതാവ് പി.കെ.രാഗേഷ് പറഞ്ഞു. അഴീക്കോട് നിയോജകമണ്ഡലത്തിൽ വിമത നേതാവ് പി.കെ.രാഗേഷ് തന്നെ മത്സര രംഗത്തിറങ്ങും. കണ്ണൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ്സിനകത്തുള്ള ഒരു പ്രമുഖ നേതാവിനെത്തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഏതാനും ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് ഐക്യജനാധിപത്യ സംരക്ഷണ സമിതി വക്താക്കൾ പറയുന്നത്.
കഴിഞ്ഞ കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന് കണ്ണൂർ അഴീക്കോട് നിയോജകമണ്ഡലത്തിലുടനീളം നല്ല സ്വാധീനമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലെ കെ.എം.ഷാജിയാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തവണ കെ.എം.ഷാജി കേവലം 493 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് വിജയിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വിമതനായ പി.കെ.രാഗേഷന്റെ സാന്നിധ്യം യുഡിഎഫിന് തിരിച്ചടിയാകും.
പേരാവൂർ നിയോജക മണ്ഡലത്തിൽ കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ജെ.ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ്സിലെ സിറ്റിംങ് എംഎൽഎ സണ്ണിജോസഫിനെക്കാൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകരുമായി നേരിട്ട് ബന്ധമുള്ള സ്ഥാനാർത്ഥിയാണ് കെ.ജെ.ജോസഫ്. സംസ്ഥാനത്ത് കാർഷിക മേഖലയിൽ ഗുരതരമായ പ്രതിസന്ധിയാണ് യുഡിഎഫ് സർക്കാർ വരുത്തിവച്ചതെന്നാണ് കെ.ജെ.ജോസഫ് മണ്ഡലത്തിലെ വോട്ടർമാരോട് പറയുന്നത്. കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഒന്നും ചെയ്തില്ലെന്നും ജോസഫ് പറയുന്നു.
മണ്ഡലത്തിൽ കോൺഗ്രസിന് വിനയാകുന്നതും ഈ പ്രചാരണം തന്നെയാണ്. ഇരിക്കൂറിൽ എട്ടാം തവണയും മത്സരത്തിനിറങ്ങുന്ന കോട്ടയംകാരനായ മന്ത്രി കെ.സി.ജോസഫിനെതിരെയും വിമത സ്ഥാനാർത്ഥി പ്രചാരണമാരംഭിച്ച് കഴിഞ്ഞു. കെ.സി.ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ തുടക്കം മുതൽ തന്നെ യുഡിഎഫിനകത്ത് ശക്തമായ പ്രതിഷേധമുയർന്നിരുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും കെ.സി.ജോസഫിന്റെ കോലം കത്തിക്കലും നടന്നിരുന്നു. പ്രദേശികമായ എതിർപ്പുകളെ അവഗണിച്ച് കൊണ്ട് നേതൃത്വം കെട്ടിയിറക്കിയെ സ്ഥാനാർത്ഥിയെ തോൽപിക്കാനുള്ള കൃത്യമായ പദ്ധതിയുമായിട്ടാണ് വിമത സ്ഥാനാർത്ഥി അബ്ദുൾ ഖാദറിന്റെ പ്രവർത്തനം.
തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരള കോൺഗ്രസ്സ് എമ്മിലെ രാജേഷ് നമ്പ്യാർക്കെതിരെയും യുഡിഎഫിൽ ശക്തമായ പ്രതിഷധമുണ്ട്. രാജേഷ് നമ്പ്യാരെ മാറ്റിയില്ലെങ്കിൽ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റി പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ കെ.എം.മാണി നേരിട്ട് കണ്ണൂരിലെത്തുമെന്നാണ് മാണികോൺഗ്രസ്സ് നേതാക്കൾ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിമത പ്രശ്നം കാരണം സിറ്റിംഗ് എംഎൽഎമാരെ പോലും ജയിപ്പിക്കാൻ സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിലാണ് കണ്ണൂരിലെ യുഡിഎഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: