മലപ്പുറം: കമ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ ജന്മനാട് പോലും സിപിഎമ്മിന് അന്യമാകുന്നു. ഇഎംഎസ് ജനിച്ച ഏലംകുളം മന ഉള്‍പ്പെടുന്നത് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലാണ്. ഇത്രയും കാലത്തിനിടെ ഒരുതവണ മാത്രമാണ് എല്‍ഡിഎഫിന് ഇവിടെ ജയിക്കാനായത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും താത്വികാചാര്യനും നവകേരള ശില്പിയുമെന്നാണ് ഇഎംഎസിനെ സിപിഎമ്മുകാര്‍ വിശേഷിപ്പിക്കുന്നത്. എന്നിട്ടും അദ്ദേഹത്തിന്റെ ജന്മനാട്ടില് പോലും സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.
ന്യൂജനറേഷന് കമ്യൂണിസ്റ്റ് നേതാക്കള്‍ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ അടിയറവെക്കുകയാണ്. ഇതില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ഇഎംഎസിന്റെ കുടുംബാംഗങ്ങള്‍ക്ക് പോലും പ്രതിഷേധമുണ്ട്.
എന്‍ഡിഎയുടെ പെരിന്തല്‍മണ്ണ മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എം.കെ. സുനില്‍ പ്രചരണത്തിന് തുടക്കം കുറിച്ചത് ഏലംകുളം മനയില്‍ നിന്നായിരുന്നു. ഇഎംഎസിന്റെ ജ്യേഷ്ഠന്റെ മകനായ ബ്രഹ്മദത്തന് നമ്പൂതിരിപ്പാടില്‍ നിന്ന് അനുഗ്രഹവും തേടി. എതിരാളികള്‍ പോലും ബഹുമാനിക്കുന്ന കമ്യൂണിസ്റ്റ് നേതാവിനെയും കുടുംബത്തെയും പക്ഷേ സിപിഎമ്മും ഇടതുപക്ഷവും അപമാനിക്കുകയാണ് ചെയ്യുന്നത്. ഗുരുത്വമില്ലാത്തതാണ് സിപിഎമ്മിന്റെ ശാപമെന്ന് മുതിര്‍ന്ന പ്രവര്‍ത്തകര്‍ പറയുന്നു. ഏലംകുളത്ത് ഇഎംഎസ് സ്മാരക ഗ്രന്ഥശാല സിപിഎം സ്ഥാപിച്ചിട്ടുണ്ട്. എല്ലാവര്‍ഷവും ഇവിടെ ദേശീയ സെമിനാറും സംഘടിപ്പിക്കുന്നു. എന്നാല്‍ പാര്‍ട്ടിക്ക് പണം ഉണ്ടാക്കാനുള്ള കച്ചവട തന്ത്രമാണ് ഇതിന്റെ പിന്നിലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
മുസ്ലീം ലീഗിനോട് പടപൊരുതി ജയിക്കാനുള്ള ശക്തി സിപിഎമ്മിന് പെരിന്തല്‍മണ്ണയില്‍ ഉണ്ടായിരുന്നു. പക്ഷേ മുസ്ലീം ലീഗുമായി സിപിഎം നേതാക്കള്‍ നടത്തിയ ഒത്തുകളി രാഷ്ട്രീയത്തില്‍ ആ ശക്തി നഷ്ടപ്പെട്ടു. ആചാര്യന്റെ മണ്ണും ആദര്‍ശവും ലീഗിന് അടിയറവ് വെച്ചതോടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. മുസ്ലീം ലീഗ് വന്‍ശക്തിയായി വളരുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ മുതലാളിമാരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ പതിവ് പരിപാടിയാണ്. അങ്ങനെ സിപിഎം അവതരിപ്പിച്ച മുതലാളിയാണ് മഞ്ഞളാംകുഴി അലി. പക്ഷേ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അലി ലീഗിനൊപ്പം ചേര്‍ന്നു. ഇപ്പോള്‍ അലിയാണ് പെരിന്തല്‍മണ്ണയിലെ എംഎല്‍എ.
കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി തങ്ങളുടെ നാട്ടുകാരനാണെന്ന് അഭിമാനത്തോടെ പറയുമ്പോഴും പെരിന്തല്‍മണ്ണക്കാര്‍ക്ക് നല്ല വിഷമമുണ്ട്. ഇനിയൊരിക്കലും ഇഎംഎസിന്റെ മണ്ണില്‍ ചെങ്കൊടി പാറില്ലെന്ന് അവര്‍ക്കറിയാം. ആരൊക്കെ സമ്മതിച്ചാലും സിപിഎമ്മുകാര്‍ അതിന് സമ്മതിക്കില്ല. ഇത്തവണയും പെരിന്തല്‍മണ്ണയില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ല. സിപിഎമ്മിലെ അസംതൃപ്തര്‍ ഭൂരിഭാഗവും ബിജെപിക്കൊപ്പം അണിനിരന്നിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിലെ ഒരുവിഭാഗം മനസ്സുകൊണ്ട് ലീഗിനൊപ്പമാണ്. കമ്മ്യൂണിസ്റ്റ് ആചാര്യന്റെ മണ്ണില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പൂര്‍ണ്ണമായും ഇല്ലാതാകുന്ന കാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: