കൊച്ചി: കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിചേര്‍ത്ത് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പി. ജയരാജന് 32ാം പ്രതിയും രാജേഷ് മുപ്പത്തിമൂന്നാം പ്രതിയുമാണ്. പോലീസിന്റെ കുറ്റപത്രത്തിലും ഇവര്‍ പ്രതികളാണ്.
2012 ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി കണ്ണൂര്‍ പട്ടവത്ത് അരിയില്‍ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനെ കീഴറയിലെ വള്ളുവന്കടവിനടുത്തുവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എംഎസ്എഫ് പ്രവര്‍ത്തകനായിരുന്നു ഷുക്കൂര്‍. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ പി. ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: